വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം വെടിവയ്പ്പ് നടത്തിയ അക്രമിയെ സുരക്ഷാസേന വധിച്ചു. സീക്രട്ട് സർവീസ് ചെക്ക് പോയിന്റിന് സമീപത്ത് വെടിയുതിർത്ത നസിർ ബെസ്റ്റ് (21) ആണ് കൊല്ലപ്പെട്ടത്. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.
വെടിവയ്പ്പിൽ പരിക്കേറ്റ നസിർ ബെസ്റ്റിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വെടിവയ്പ്പിനിടെ അവിടെയുണ്ടായിരുന്ന ഒരു വഴിയാത്രക്കാരനും പരിക്കേറ്റു. സിർ ബെസ്റ്റ് മുമ്പും വൈറ്റ് ഹൗസ് പരിസരത്ത് കറങ്ങിനടന്നതിന്റെ തെളിവുകൾ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചു.
ഗതാഗതം തടസപ്പെടുത്തിയതിനും നിരോധിത മേഖലയിൽ പ്രവേശിച്ചതിനും കഴിഞ്ഞ വർഷം രണ്ട് തവണ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. താൻ ഓഫീസിലാണെന്നും ഇറാനുമായുള്ള അന്തിമ കരാർ ഉടൻ പ്രഖ്യാപിക്കുമെന്നും ട്രംപ് സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ അറിയിച്ചതിന് പിന്നാലെയാണ് സംഭവം.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വൈറ്റ് ഹൗസിനും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് യുഎസ് ഉന്നത സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചു.
Tags : shooting white house suspect killed