നിയമസഭാംഗങ്ങൾ
കൊച്ചി: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമസഭാംഗങ്ങൾക്ക് അപകട ഇൻഷ്വറൻസ് പരിരക്ഷാ പദ്ധതിയിൽ പ്രീമിയമായി അടച്ചത് 8.24 ലക്ഷം രൂപ. എന്നാൽ, അഞ്ചു വർഷത്തിനിടെ ആരും ഇൻഷ്വറൻസ് ക്ലെയിം ചെയ്തില്ലെന്നും നിയമസഭാ സെക്രട്ടേറിയറ്റ് പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു.
നിയമസഭാ സാമാജികരായ 140 പേർക്കു 20 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പോളിസിയാണ് ഉണ്ടായിരുന്നത്. അപകടമരണ, വൈകല്യ ഘട്ടങ്ങളിൽ തുക ലഭിക്കുന്ന പോളിസി, പൊതുമേഖല ഇൻഷ്വറൻസ് സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടേതാണ്. ഇതിന്റെ പ്രീമിയം തുക പൂർണമായും സർക്കാർ ഖജനാവിൽനിന്നാണ് അടച്ചത്. ആദ്യത്തെ നാലു വർഷങ്ങളിലും 1,65,200 രൂപവീതം പ്രീമിയം തുകയായി സർക്കാർ കന്പനിക്കു നൽകി. അവസാനവർഷം 1,63,651 രൂപയാണ് അടച്ചത്.
കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടത്തിൽ തൃക്കാക്കര എംഎൽഎ ഉമ തോമസിന് കലൂർ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റെങ്കിലും ഈ പദ്ധതിയിൽനിന്ന് ഇൻഷ്വറൻസ് ക്ലെയിം ചെയ്യാനായിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം നിയമസഭാ സെക്രട്ടേറിയറ്റ് പുറത്തുവിട്ട രേഖകളിൽ വ്യക്തമാക്കുന്നു.
അതേസമയം, പരിധിയില്ലാത്ത മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് സൗകര്യം മിക്ക എംഎൽഎമാരും പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
Tags : Deepika DeepikaNewspaper BreakingNews Accident insurance for MLAs