എക്സൈസ് കമ്മീഷണർ സാംബശിവ റാവു, മന്ത്രി എം. ലിജു
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ മദ്യനയം വരുന്നതിനു മുൻപ് ബാർ ലൈസൻസ് അനുവദിക്കരുതെന്ന നിർദേശം മറികടന്ന് ലൈസൻസ് അനുവദിച്ച എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവു തെറിച്ചു.
പകരം എൻഫോഴ്സ്മെന്റ് വിഭാഗം അഡീഷണൽ എക്സൈസ് കമ്മിഷണർ ആർ. ജയശങ്കറിനു ചുമതല നൽകി. അടുത്ത മന്ത്രിസഭായോഗത്തിൽ പുതിയ എക്സൈസ് കമ്മിഷണറെ നിയമിക്കുന്നതു വരെ അഡീഷണൽ കമ്മിഷണർ എക്സൈസ് കമ്മിഷണറുടെ ചുമതലയിൽ തുടരും.
എക്സൈസ് കമ്മിഷണർ സ്ഥാനത്തിനു പുറമേ ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പു സ്പെഷൽ സെക്രട്ടറി സ്ഥാനത്തുനിന്നും സീറാം സാംബശിവറാവുവിനെ മാറ്റി. പകരം പട്ടികജാതി-വർഗ വകുപ്പു സ്പെഷൽ സെക്രട്ടറിയായി നിയമിച്ചു.
സർക്കാർ നിർദേശം മറികടന്ന് ബാർ ലൈസൻസുകൾ അനുവദിച്ച നടപടിയിൽ നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സീറാം സാംബശിവറാവുവിനോടു വിശദീകരണവും തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണു നടപടി.
സർക്കാർ നിർദേശം ശ്രദ്ധയിൽപ്പെട്ടില്ല!
കഴിഞ്ഞ മേയിൽ വി.ഡി. സതീശൻ സർക്കാർ അധികാരത്തിൽ വന്നശേഷം ജൂണ് 22ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ രണ്ടു ബാർ ലൈസൻസുകൾക്ക് എക്സൈസ് കമ്മിഷണർ അനുമതി നൽകിയിരുന്നു.
തുടർന്ന്, സർക്കാരിന്റെ പുതിയ മദ്യനയം വരുന്നതുവരെ പുതിയ ലൈസൻസ് അപേക്ഷകളിൽ തീരുമാനമെടുക്കരുതെന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് അഡീഷണൽ ചീഫ് സെക്രട്ടറി വഴി ഓഗസ്റ്റിൽ സർക്കാർ നിർദേശം നൽകിയിരുന്നു.
എന്നാൽ, നിർദേശം നിലനിൽക്കേ ഒക്ടോബർ 10ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ വഴി കൊച്ചി, കോട്ടയം എന്നിവിടങ്ങളിലെ ബിയർ-വൈൻ പാർലറുകൾക്ക് വിദേശമദ്യ വിൽപനയ്ക്കുള്ള എഫ്എൽ- 7 ലൈസൻസുകൾ അനുവദിച്ചു നൽകി. ചട്ടവിരുദ്ധ നടപടിയിൽ രണ്ട് ഡെപ്യൂട്ടി കമ്മിഷണറെ സർക്കാർ സസ്പെൻഡ് ചെയ്തു. എക്സൈസ് കമ്മിഷണറോടു സർക്കാർ വിശദീകരണം തേടിയപ്പോൾ, നിലവിലെ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നായിരുന്നു കമ്മിഷണറുടെ വിശദീകരണം.
ഇതോടെ എക്സൈസ് മന്ത്രി എം. ലിജുവും കമ്മിഷണറും തമ്മിൽ ഇടഞ്ഞു. സർക്കാർ നിർദേശത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റണമെന്നു മന്ത്രി ലിജു, മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി തേടിയ വിശദീകരണത്തിനും കമ്മിഷണർ തൃപ്തികരമായ മറുപടി നൽകിയില്ല.
നേരത്തെ സർക്കാർ നൽകിയ നിർദേശം എന്തുകൊണ്ടു മുഖവിലയ്ക്ക് എടുത്തില്ലെന്ന ചോദ്യത്തിന് ഇക്കാര്യം ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നായിരുന്നു കമ്മിഷണറുടെ മറുപടി. തുടർന്നാണ് ഇന്നലെ രാവിലെ സീറാം സാംബശിവറാവുവിനെ എക്സൈസ് കമ്മിഷണറുടെ ഉൾപ്പെടെയുള്ള നിലവിലുള്ള ചുമതലകളിൽ നിന്നു മാറ്റി സർക്കാർ ഉത്തരവിറക്കിയത്.
Tags : ExciseCommissioner SambasivaRao Minister MLiju