കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ഗുണ്ടാനേതാവ് അലുവ അതുലിനെ പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളും പിടിയിലായി. കൊലപാതകത്തിൽ നേരിട്ട് ഉൾപ്പെട്ട നാല് പേരെ മുണ്ടക്കയത്തിന് സമീപത്ത് നിന്ന് കോട്ടയം പോലീസ് പിടികൂടിയിരുന്നു.
കോട്ടയം പോലീസ് പിടികൂടിയ പ്രതികളെ കൊല്ലം പോലീസിന് കൈമാറിയിട്ടുണ്ട്. ഇതോടെ കേസിലെ എട്ട് പ്രതികളും പിടിയിലായതായി കൊല്ലം സിറ്റി പോലീസ് അറിയിച്ചു. പ്രതികൾ സഞ്ചരിച്ച ഇന്നോവ കാർ തിരുവനന്തപുരത്തു നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.
2025 മാർച്ച് 27ന് നടന്ന ജിം സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതിയാണ് അലുവ അതുൽ. സ്വന്തം വീട്ടിൽ അമ്മയുടെ കൺമുന്നിൽ വച്ചാണ് ജിം സന്തോഷ് അലുവ അതുലിന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. കൊലയ്ക്കു ശേഷം ഒളിവിൽ പോയ അതുലിനെ തമിഴ്നാട്ടിലെ തിരുവള്ളൂരിൽ വച്ചാണ് പോലീസ് പിടികൂടിയത്.
ആ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ അലുവാ അതുലിനെയാണ് കരുനാഗപ്പള്ളി നഗരത്തിൽ വെച്ച് ഒരു സംഘം വെട്ടിക്കൊന്നത്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ നിന്ന് വെറും രണ്ട് കിലോമീറ്റര്‍ അകലെയാണ് അരുംകൊല നടന്നത്.സന്തോഷ് വധകേസിൽ ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവെയാണ് പുതിയകാവിന് സമീപം ആക്രമണം നടന്നത്.
അലുവ അതുലും കൂട്ടുപത്രിയായ കുക്കു എന്ന മനുവും സഞ്ചരിച്ച കാറിനെ ഗുണ്ടാ സംഘം മറ്റൊരു കാറിൽ പിൻ തുടർന്നു. അതുലിന്റെ കാർ നിർമാണം നടക്കുന്ന റോഡിലെ കുഴിയിലേക്ക് ഇടിച്ചിട്ടാണ് സംഘം ആയുധങ്ങളുമായി അതുലിനെയും മനുവിനെയും ആക്രമിച്ചത്.
ഓച്ചിറയിലെ വയനകം ഗുണ്ടാ സംഘത്തിലെ അംഗമാണ് അലുവ അതുൽ. ജിം സന്തോഷിനെ കൊലപ്പെടുത്തി മടങ്ങും വഴി അതുലും സംഘവും കടത്തൂർ സംഘത്തിൽപ്പെട്ട രണ്ട് പേരെ ആക്രമിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അലുവ അതുലിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
Tags : kerala police aluva athul murder case crime news kollam