തിരുവനന്തപുരം: സ്വന്തം നോമിനിക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം മണ്ഡലത്തിലെ ഇടതു സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാകാതെ മുൻ എംഎൽഎയും മന്ത്രിയുമായിരുന്ന ആന്റണി രാജു.
പ്രചാരണത്തിന് ഇറങ്ങാത്തതു വിവാദമായതിനു പിന്നാലെ സമൂഹ മാധ്യമം വഴി തിരുവനന്തപുരം മണ്ഡലത്തിലെ ഇടതു സ്വതന്ത്രനായ നടൻ സുധീർ കരമനയെ വിജയിപ്പിക്കാൻ ആഹ്വാനം നൽകി പോസ്റ്റിട്ടു. എന്നാൽ, നേരിട്ടുള്ള പ്രചാരണ പ്രവർത്തനത്തിന് ആന്റണി രാജു ഇതുവരെ എത്തിയിട്ടില്ല.
മയക്കുമരുന്നു കേസിലെ പ്രതിയായ വിദേശിയുടെ തൊണ്ടിമുതൽ മാറ്റിയെന്ന കേസിൽ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിനെ നിയമസഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. തുടർന്നു നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായില്ല.
അടുത്ത അനുയായികളുടെയും അടുപ്പമുള്ള ചിലരുടെയും പേരുകൾ തിരുവനന്തപുരം മണ്ഡലത്തിലെ ഇടതു സ്ഥാനാർഥിയായി ആന്റണി രാജു നിർദേശിച്ചെങ്കിലും സിപിഎം വഴങ്ങിയില്ല. തുടർന്ന് അവസാന നിമിഷമാണ് ഇടതു സ്വതന്ത്ര സ്ഥാനാർഥിയായി നടൻ സുധീർ കരമനയെ പ്രഖ്യാപിച്ചത്. ഇതോടെ തിരുവനന്തപുരത്തുണ്ടായിട്ടും ആന്റണി രാജു പ്രചാരണരംഗത്ത് എത്തിയില്ല. അനാരോഗ്യമാണ് കാരണമായി ചൂണ്ടിക്കാട്ടിയത്.
അതേസമയം, ആന്റണി രാജു പ്രചാരണത്തിൽ സജീവമാണെന്നും സോഷ്യൽ മീഡിയ വഴി ഇടതു സ്വതന്ത്ര സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ ആഹ്വാനം ചെയ്ത വീഡിയോ പോസ്റ്റ് ചെയ്തതായി സ്ഥാനാർഥി സുധീർ കരമന പറഞ്ഞു. വ്യക്തിപരമായ ചില കാരണങ്ങളാലാണ് അദ്ദേഹം പ്രചാരണത്തിന് ഇറങ്ങാത്തത്. അടുത്ത ദിവസങ്ങളിൽ തന്നെ ആന്റണി രാജു പ്രചാരണ രംഗത്തു സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.
Tags : Antony Raju directly campaigning engaging Kerala Assembly Election Niyama Sabha Election