തൃശൂര്: വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തില് കഴമ്പില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കിറ്റ് ആരോപണത്തിൽ സത്യമില്ല. അതുകൊണ്ടാണ് പോലീസ് കേസെടുക്കാത്തത്. കേസ് എടുപ്പിക്കാൻ പറ്റുമെങ്കിൽ എടുപ്പിക്കൂവെന്നും സുരേഷ്ഗോപി വെല്ലുവിളിച്ചു.
ലോക്കൽ പോലീസിനോട് ചോദിക്കൂ സത്യം പുറത്തുവരും. ചില ആളുകളെ ഇല്ലായ്മ ചെയ്യലാണ് നിങ്ങളുടെ ലക്ഷ്യം. തന്നെ കുറെനാൾ കേസിന്റെ പേരിൽ നടത്തിയതല്ലേയെന്നും സുരേഷ്ഗോപി ചോദിച്ചു. വാടാനപ്പള്ളിയിലെ ഹോൾസെയിൽ വിതരണ സ്ഥാപനത്തിൽ കിറ്റുകൾ ഓർഡർ ചെയ്യാനായി ബിജെപി നേതാവും ചലച്ചിത്ര താരവുമായ ദേവൻ എത്തിയെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം ഉയര്ത്തിയത്.
ദേവനും ബിജെപിയുടെ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ബഗീഷ് പൂരാടനുമാണ് കിറ്റുകൾ ഓർഡർ ചെയ്തതെന്നും ഇരുവരും സ്ഥാപനത്തിന് മുകളിലെ വീട്ടിൽ ഒളിച്ചിരിക്കുന്നുവെന്നും കോൺഗ്രസും സിപിഎമ്മും ആരോപിച്ചു. സ്ഥലത്ത് ബിജെപി പ്രവർത്തകർ കൂടി തടിച്ചു കൂടിയതോടെ സംഘർഷം മണിക്കൂറോളം നീണ്ടു. തുടർന്ന് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
Tags : suresh gopi kit controversy bjp vadanappally