കോഴിക്കോട്: തീരദേശസുരക്ഷയുമായി ബന്ധപ്പെട്ടു നിയമിച്ചിട്ടുള്ള താത്കാലിക കോസ്റ്റൽ വാർഡൻമാരുടെ യൂണിഫോം പരിഷ്കരിക്കാൻ തീരുമാനം. കടലിലെ പരിശോധനയ്ക്കും രക്ഷാപ്രവർത്തനത്തിനുമുള്ള വാർഡൻമാർക്കു പുതുതായി ഓറഞ്ച് നിറത്തിലുള്ള യൂണിഫോം അനുവദിക്കാനാണു തീരുമാനം. നിലവിൽ നീല നിറത്തിലുള്ള യൂണിഫോമായിരുന്നു വാർഡൻമാർ ധരിച്ചിരുന്നത്.
കടലിൽനിന്നും തീരദേശങ്ങളിൽനിന്നും വാർഡൻമാരെ യൂണിഫോമിൽ തിരിച്ചറിയാൻ ഇത് പ്രയാസം സൃഷ്ടിച്ചിരുന്നു. കാലവർഷവുമായി ബന്ധപ്പെട്ടും കടലിലെ മറ്റു പരിശോധനകൾ നടത്തുമ്പോഴും രക്ഷാപ്രവർത്തനത്തിനിടയിലും തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും യൂണിഫോം പരിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് ഡിജിപി റവാഡ ചന്ദ്രശേഖർ സർക്കാരിനു കഴിഞ്ഞ മാസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു പുതിയ യൂണിഫോമിന് അനുമതി നൽകി ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി എസ്. സുരേഷ്കുമാർ ഉത്തരവിറക്കിയത്. നിലവിൽ സംസ്ഥാനത്ത് 146 താത്കാലിക വാർഡൻമാരാണുള്ളത്. കോസ്റ്റൽ പോലീസിനൊപ്പം രാവിലെയും വൈകുന്നേരവും പതിവായി പട്രോളിംഗ് നടത്തുന്നതു വാർഡൻമാരാണ്.
സംശയാസ്പദമായ സാഹചര്യത്തിൽ കടലിൽ സഞ്ചരിക്കുന്ന മറ്റു ബോട്ടുകളിൽ കയറിയുള്ള പരിശോധന നടത്തുന്നതു കോസ്റ്റൽ വാർഡൻമാരും പോലീസുമാണ്. കൂടാതെ, മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടാലും മറ്റും രക്ഷാപ്രവർത്തനം നടത്തുന്നതും വാർഡൻമാരാണ്.
Tags : Coastal wardens orange uniforms.