ഫിഷിംഗ് ഹാർപൂൺ ശരീരത്തിൽ കുത്തിക്കയറിയതിന്റെ എക്സ്-റേ ദൃശ്യം.
മുളങ്കുന്നത്തുകാവ്: നെഞ്ചില്‍ കുത്തിക്കയറിയ, മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന കൂർത്ത കമ്പി (ഫിഷിംഗ് ഹാർപൂൺ) രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് തൃശൂർ ഗവൺമെന്റ് മെഡിക്കല്‍ കോളജിലെ ഡോക്ടർമാർ. മാള സ്വദേശിയായ 27കാരനാണു ഡോക്ടർമാരുടെ സന്ദർഭോചിതമായ ഇടപെടലിലൂടെ ജീവൻ തിരിച്ചുകിട്ടിയത്.
റോഡില്‍ വീണപ്പോഴാണു യുവാവിന്റെ ശരീരത്തില്‍ ഹാർപൂൺ കുത്തിക്കയറിയത്. ഹൃദയത്തിന്റെ തൊട്ടടുത്താണ് ആയുധം തറച്ചിരുന്നത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ശസ്ത്രക്രിയയ്ക്കു ലക്ഷങ്ങൾ ചെലവുവരുമെന്നാണ് അറിയിച്ചത്. ജീവൻ തിരിച്ചുകിട്ടുന്ന കാര്യത്തിൽ സംശയവും പ്രകടിപ്പിച്ചതോടെ ബന്ധുക്കൾ യുവാവിനെ മെഡിക്കൽ കോളജിലേക്കു കൊണ്ടുവരികയായിരുന്നു.
ഡ്യൂട്ടി ഡോക്ടർ യുവാവിന്റെ സിടി സ്കാൻ, എക്സ്-റേ റിപ്പോർട്ടുകൾ ഫോണിലൂടെ മുതിര്‍ന്ന ഡോക്ടർ സി. രവീന്ദ്രനെ അറിയിച്ചപ്പോൾ ഗുരുതരമാണെന്നു മനസിലാക്കി ആവശ്യമായ നിർദേശങ്ങൾ നല്‍കുകയും ഉടൻ ആശുപത്രിയിൽ എത്തുകയുമായിരുന്നു. തുടർന്ന് യുവാവിനെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയാണു ജീവൻ രക്ഷിച്ചത്.