x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചിരട്ടയുണ്ടോ? വിപണിയിൽ കത്തിക്കയറി ചിരട്ട വില

എബിലിൻ കെ. ഏബ്രഹാം
Published: May 22, 2026 01:19 PM IST | Updated: May 22, 2026 01:19 PM IST

ആലപ്പുഴ: വിപണിയിൽ കത്തിക്കയറി ചിരട്ട വില. ഒരുകാലത്ത് അടുപ്പിലേക്കോ മാലിന്യക്കൂമ്പാരത്തിലേക്കോ വലിച്ചെറിയപ്പെട്ടിരുന്ന തേങ്ങാ ചിരട്ട, ഇന്ന് വിലപിടിപ്പുള്ള വസ്തുവായി മാറി. പച്ചത്തേങ്ങയുടെ വില ഇടിയുമ്പോഴും ചിരട്ടയുടെ വില കുതിച്ചുയരുന്നതാണ് വിപണിയിലെ പുതിയ വസ്തുത. നിലവില്‍ നാളികേരം കിലോയ്ക്ക് ഏകദേശം 45 രൂപ ലഭിക്കുമ്പോള്‍, ചിരട്ടയ്ക്ക് മാത്രം 33 രൂപവരെ വില ലഭിക്കുന്നുണ്ട്.

ഇതോടെ, വീട്ടുവളപ്പുകളില്‍ ഉപേക്ഷിക്കപ്പെട്ടിരുന്ന ചിരട്ടകള്‍ ഇപ്പോള്‍ കച്ചവട വസ്തുവായി മാറി. ഗ്രാമപ്രദേശങ്ങളില്‍ വാഹനങ്ങളുമായി എത്തി വീടുകളില്‍നിന്ന് നേരിട്ട് ചിരട്ട ശേഖരിക്കുന്ന കച്ചവടക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്.

തമിഴ്നാടും കര്‍ണാടകയുമാണ് കേരളത്തില്‍നിന്നുള്ള ചിരട്ടയുടെ പ്രധാന വിപണി. സൗന്ദര്യവർധക വസ്തുക്കള്‍, അലങ്കാര ഉത്പന്നങ്ങള്‍, കരകൗശല വസ്തുക്കൾ, കരി നിര്‍മാണം എന്നിവയ്ക്കായി ചിരട്ട വ്യാപകമായി ഉപയോഗിക്കുന്നു. പ്രത്യേകിച്ച് ചിരട്ടക്കരിക്ക് ഇപ്പോള്‍ വലിയ ആവശ്യകതയാണ്.

വെള്ളം ശുദ്ധീകരിക്കുന്ന ഫില്‍ട്ടറുകളിലും വ്യാവസായിക ആവശ്യങ്ങള്‍ക്കായി ആക്ടിവേറ്റഡ് കാര്‍ബണ്‍ നിര്‍മിക്കാൻ ചിരട്ടക്കരി ഉപയോഗിക്കുന്നത് വ്യാപകമായതോടെയുമാണ് ചിരട്ടയുടെ ഡിമാൻഡ് കുത്തനെ ഉയര്‍ന്നത്.

ഇതിനു പുറമെ ചിരട്ട ഉപയോഗിച്ച് നിര്‍മിക്കുന്ന അലങ്കാര വസ്തുക്കള്‍, ലാംപ് ഷേഡുകള്‍, കപ്പുകള്‍, സ്പൂണുകള്‍, ആഭരണങ്ങള്‍, ഷോപ്പീസ് ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കും വലിയ വിപണിയാണ്. പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളിലേക്കുള്ള ജനങ്ങളുടെ താത്പര്യം കൂടിയതോടെ, പ്ലാസ്റ്റിക്കിന് പകരം ചിരട്ട ഉത്പന്നങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

ചിരട്ടയ്ക്ക് ഡിമാന്‍ഡ് കൂടുമ്പോഴും നാളികേര കര്‍ഷകര്‍ക്ക് ആശ്വാസമില്ല. ഉത്പാദനച്ചെലവ് കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ നാളികേരത്തിൽ നിന്നും വലിയ വില ലഭിക്കുന്നില്ലെന്ന് പരാതിയും കർഷകർ പറയുന്നു. തൊഴിലാളി വേതനം, വളം വില, കീടബാധ, കാലാവസ്ഥാ വ്യതിയാനം എന്നിവയും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു.

നാളികേരത്തിന് ലഭിക്കുന്ന വിലയേക്കാള്‍ ഉപോത്പന്നങ്ങള്‍ക്കാണ് കൂടുതല്‍ വിപണി ലഭിക്കുന്നത്. തേങ്ങയുടെ ഓരോ ഭാഗത്തിനും ഇന്ന് വിപണിയുണ്ട്. ചിരട്ട, ചിരട്ടക്കരി, നാര്, എണ്ണ, കൊപ്ര തുടങ്ങി എല്ലാം വേര്‍തിരിച്ച് വില്‍ക്കുന്ന രീതിയാണ് ശക്തമാകുന്നത്. പ്രധാന ഉത്പന്നമായിരുന്ന നാളികേരത്തിനേക്കാൾ, ഉപോല്‍പന്നങ്ങള്‍ക്കാണ് ഇന്ന് കൂടുതല്‍ വിലയും ആവശ്യകതയും ലഭിക്കുന്നതെന്നത്. ഉപോൽപ്പന്നങ്ങളുടെ വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന ലാഭം കൊയ്യുന്നത് ഇടനിലക്കാരുമാണ്.

കര്‍ഷകന്‍ കഷ്ടപ്പെടുന്നത് നാളികേരത്തിനായിട്ടാണെങ്കിലും വില ഉയരുന്നത് ചിരട്ടയ്ക്കും കരിക്കുമാണ്. കേരളത്തിന്‍റെ കാര്‍ഷിക സംസ്‌കാരത്തിന്‍റെ ഭാഗമായിരുന്ന നാളികേരം ഇന്ന് വിപണിയുടെ പുതിയ ഗണിതത്തില്‍ കച്ചവടത്തിന്‍റെ കഥ പറയുന്നു. വിലകുറഞ്ഞ അവശിഷ്ടമായി കണ്ടിരുന്ന ചിരട്ട ഇന്ന് പുത്തന്‍ സാമ്പത്തിക സാധ്യതയായി മാറുകയാണ്.

Tags : Coconut shell prices market

Recent News

Corehub Up