പത്തനംതിട്ട: യുഡിഎഫ് സർക്കാരിൽ വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ ) സംസ്ഥാന നേതൃപരിശീലന ക്യാമ്പ് ആവശ്യപ്പെട്ടു. മുന്നണിക്ക് നേതൃത്വം നൽകുന്ന പാർട്ടി എന്ന നിലയിൽ കോൺഗ്രസ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യണം.
പൊതുസമൂഹവും അധ്യാപകരും വർഷങ്ങളായി ഈ ആവശ്യം ഉന്നയിക്കുകയാണ്. എൽഡിഎഫ് സർക്കാരിനു കീഴിൽ വിദ്യാഭ്യാസ വകുപ്പിൽ വ്യാപകമായ പിൻവാതിൽ നിയമനങ്ങൾ നടന്നു. അനർഹരായ പാർട്ടിക്കാരെ തിരുകിക്കയറ്റുവാൻ സർക്കാർ വലിയ ക്രമക്കേടുകൾ നടത്തി.
എസ്എസ് കെയിൽ നിയമവിരുദ്ധമായി ധാരാളം നിയമനങ്ങൾ നടത്തി. ഈ നിയമനങ്ങളെല്ലാം റദ്ദ് ചെയ്ത് യോഗ്യരായ ആളുകളെ നിയമിക്കണമെന്ന് കെപിഎസ്ടിഎ ആവശ്യപ്പെട്ടു.
സ്കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ അപ്രായോഗിക നിർദേശങ്ങൾ പിൻവലിക്കണമെന്നും അധ്യാപകരുടെ ജോലി സുരക്ഷിതത്വം ഉറപ്പാക്കണമെന്നും പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ഇടതുഭരണത്തിൽ ഉണ്ടായ തകർച്ച പരിഹരിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യങ്ങളും ക്യാന്പ് മുന്നോട്ടുവച്ചു.