ചങ്ങനാശേരി: കൂലിവേലക്കാരുടെ പരസ്പരസഹായ സംഘത്തിനുള്ള ആനുകൂല്യങ്ങള്‍ ഊരാളുങ്കലിന് ഇനിയും നല്‍കണമോ എന്ന ചോദ്യം ഉയര്‍ത്തി കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് രംഗത്ത്.
മതിയായ തൊഴില്‍ ദിനങ്ങള്‍ ലഭിക്കാതിരുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിനുവേണ്ടി അരനൂറ്റാണ്ട് മുമ്പ് രൂപീകരിക്കപ്പെട്ടതാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്സ് ഉള്‍പ്പെടെയുള്ള ലേബര്‍ കോണ്‍ട്രാക്ട് സംഘങ്ങള്‍.ഏറ്റെടുക്കുന്ന നിര്‍മാണജോലികള്‍ അംഗങ്ങളായ തൊഴിലാളികള്‍ ചേര്‍ന്ന് പൂര്‍ത്തിയാക്കി കൂലിയും ലാഭവിഹിതവും വീതംവയ്ക്കണമെന്നതായിരുന്നു സംഘത്തിന്റെ ആരംഭ കാലഘട്ടത്തിലെ നിബന്ധന.
ലേബര്‍ സംഘത്തിന്റെ നിര്‍വചനവും ഊരാളുങ്കല്‍ സംഘത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും തമ്മില്‍ യാതൊരു ബന്ധവുമില്ല. മറ്റു കരാറുകാരും കരാര്‍ കമ്പനികളും ചെയ്യുന്നതുപോലെ ഇതര സംസ്ഥാന തൊഴിലാളികളെയും മെഷിനറികളെയും ആശ്രയിച്ചാണ് ഊരാളുങ്കലും പ്രവൃത്തികള്‍ ചെയ്യുന്നത്.
യന്ത്രസാമഗ്രികള്‍, ക്വാറികള്‍, ക്രഷര്‍ യൂണിറ്റുകള്‍, ഐടി പാര്‍ക്ക് ഉള്‍പ്പെടെ കോടിക്കണത്തിനു രൂപയുടെ ആസ്തിയുള്ള പ്രസ്ഥാനമായി ഈ സംഘം മാറിക്കഴിഞ്ഞു.മറ്റു കരാറുകാര്‍ക്കും കമ്പനികള്‍ക്കും ഇല്ലാത്ത ഒട്ടേറെ ആനുകൂല്യങ്ങള്‍ ഊരാളുങ്കലിന് സര്‍ക്കാരില്‍നിന്ന് അധികമായി ലഭിക്കുന്നുമുണ്ട്. ഏത് മാനദണ്ഡംവച്ച് നോക്കിയാലും ഊരാളുങ്കലിന് ഇപ്പോള്‍ കൂലിവേലക്കാരുടെ പരസ്പര സഹായ സംഘം എന്ന ലേബലിനും ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയില്ലെന്നും കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ചൂണ്ടിക്കാട്ടുന്നു.
മുന്‍കൂര്‍ യോഗ്യതാ നിര്‍ണയത്തില്‍പോലും ഊരാളുങ്കലിന് ഇളവ് നിര്‍ബാധം നല്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഏറ്റെടുക്കാവുന്ന നിര്‍മാണജോലികള്‍ക്കും ഇപ്പോൾ പരിധിയില്ല.ബിഡ്ഢ് സെക്യൂരിയോ പെര്‍ഫോര്‍മന്‍സ് സെക്യൂരിറ്റിയോ അഡീഷണല്‍ സെക്യൂരിറ്റിയോ ആവശ്യമില്ല. സാധാരണ കരാറുകാരന് ഒരുകോടി രൂപയ്ക്ക് ലഭിക്കുന്ന കരാര്‍ ജോലി ഊരാളുങ്കല്‍ ഏറ്റെടുക്കുമ്പോള്‍ ഒരുകോടി പത്തുലക്ഷം വരെ ലഭിക്കും.
ഇതെല്ലാം സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറായാല്‍ വ്യക്തമായ രേഖകള്‍ സമര്‍പ്പിക്കാന്‍ കേരള ഗവ. കോണ്ട്രാക്ടേ്സ് അസോസിയേഷന് തയാറാണെന്നു പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി പറഞ്ഞു.ഇതുസംബന്ധിച്ച നിവേദനം അസോസിയേഷന് ഭാരവാഹികള്‍ നാളെ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും സമര്‍പ്പിക്കും.