തിരുവനന്തപുരം: രാജ്യത്തെയും കേരളത്തിലെയും സാമൂഹിക-ആരോഗ്യ-വിദ്യാഭ്യാസ-കാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന സന്നദ്ധ-ചാരിറ്റി സ്ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ വിദേശ സംഭാവന (നിയന്ത്രണ) നിയമത്തിലെയും ചട്ടത്തിലെയും ഭേദഗതികൾ റദ്ദാക്കണമെന്ന് നിയമസഭയുടെ പ്രമേയം.
പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യം, അശരണർക്കുള്ള ചികിത്സാസഹായം, ഭിന്നശേഷിക്കാരുടെ പുനരധിവാസം, ദുരന്തനിവാരണ പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ സർക്കാർ സംവിധാനങ്ങൾക്കു വലിയ പിന്തുണയേകുന്ന സേവനമാണ് സന്നദ്ധ സംഘടനകൾ നിർവഹിക്കുന്നത്.
സുതാര്യത ഉറപ്പാക്കാനെന്ന പേരിൽ എഫ്സിആർഎ ചട്ടങ്ങളിൽ വരുത്തിയ ഭേദഗതിയും പാർലമെന്റിൽ അവതരിപ്പിച്ച ബില്ലും യഥാർഥത്തിൽ സിവിൽ സൊസൈറ്റി സംഘടനകളുടെ സ്വയംഭരണാവകാശത്തെയും ജനാധിപത്യ പ്രവർത്തന സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്നതാണെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു. സ്പീക്കർ ഉൾപ്പെടെ നിയമസഭയിൽ ഉണ്ടായിരുന്ന 112 അംഗങ്ങളുടെ പിന്തുണയോടെ പ്രമേയം പാസാക്കി. ബിജെപി അംഗങ്ങൾ എതിർത്തു.