തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം "കേരളം’ എന്നു ഭരണഘടനാപരമായി ഭേദഗതി ചെയ്യുന്ന കേന്ദ്ര ബില്ലിലെ വ്യവസ്ഥകൾ നിയമസഭയിൽ അവതരിപ്പിച്ച് ഐകകണ്ഠ്യേന പാസാക്കി. സംസ്ഥാന ചരിത്രത്തിലാദ്യമായി രാ ഷ്ട്രപതിയുടെ റഫറൻസിന്റെ അടിസ്ഥാനത്തിലാണ് ബില്ലിന് നിയമസഭ അംഗീകാരം നൽകിയത്.
മുഖ്യമന്ത്രി വി.ഡി. സതീശനാണ് പത്ത് വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ബിൽ നിയമസഭയിൽ വച്ചത്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം സഭ ഏകകണ്ഠമായി പാസാക്കുന്ന ആദ്യ ബിൽ കൂടിയാണിത്. സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം "കേരളം’ എന്ന് മലയാളത്തിൽ ഉപയോഗിക്കുമ്പോഴും ഔദ്യോഗിക രേഖകളിലെല്ലാം ഇംഗ്ലീഷിൽ "കേരള’ എന്നാണുള്ളത്. ഇതു മാറ്റി എല്ലാ ഭാഷകളിലും ഔദ്യോഗിക രേഖകളിലും "കേരളം’ എന്നാക്കി ഭേദഗതി ചെയ്യുന്നതിനുള്ള ഭരണഘടനാ നടപടികളുടെ ഭാഗമായാണ് ബിൽ നിയമസഭയുടെ പരിഗണനയ്ക്ക് എത്തിയത്.
പേരുമാറ്റം സംബന്ധിച്ച് നേരത്തേ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി കേന്ദ്രസർക്കാരിന് അയച്ചിരുന്നു. പേരുമാറ്റത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരവും നൽകി. അതേസമയം, ഭരണഘടനയുടെ ആർട്ടിക്കിൾ മൂന്ന് പ്രകാരം സംസ്ഥാനങ്ങളുടെ പേരുമാറ്റ കാര്യത്തിൽ രാഷ്ട്രപതി ബന്ധപ്പെട്ട നിയമസഭയുടെ അഭിപ്രായം തേടണമെന്നാണ് വ്യവസ്ഥ. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിൽ കേരള നിയമസഭയുടെ പരിഗണനയ്ക്കായി എത്തിയത്.
നിയമസഭ അംഗീകാരം നൽകിയ ബിൽ ഇനി രാഷ്ട്രപതിക്ക് അയയ്ക്കും. രാഷ്ട്രപതിയുടെ ശിപാർശയോടെ കേന്ദ്ര സർക്കാർ പാർലമെന്റിൽ ഔദ്യോഗികമായി ബിൽ അവതരിപ്പിച്ച് പാസാക്കുന്നതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ മാറ്റം വരികയും സംസ്ഥാനത്തിന്റെ പേര് എല്ലാ ഭാഷകളിലും ഔദ്യോഗികമായി "കേരളം’ എന്നായി മാറുകയും ചെയ്യും.
Tags : Kerala Bill approved