തിരുവനന്തപുരം: തെരുവു കീഴടക്കിയ നായ്ക്കളെ പൂട്ടാന്‍ സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് നടപടിക്കൊരുങ്ങി സര്‍ക്കാര്‍. തെരുവുനായ്ക്കളെ കൊല്ലാതെ ഷെല്‍ട്ടര്‍ ഒരുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ പുതിയ നയം രൂപവത്കരിക്കും.
തെരുവുനായ്ക്കളുടെ ആക്രമണം വര്‍ധിക്കുകയും പേവിഷബാധയേറ്റവരുടെ മരണങ്ങള് വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അവയെ കൊല്ലാതെതന്നെ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് മറ്റു നടപടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. പൊതുസ്ഥലങ്ങളില്‍നിന്ന് തെരുവുനായ്ക്കളെ നീക്കം ചെയ്യണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടും അത് നടപ്പിലാക്കുന്നതില്‍ മുന്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയിരുന്നു. അതിനിടയില്‍ തെരഞ്ഞെടുപ്പുകള്‍ വന്നതും തിരിച്ചടിയായി.
നായ്ക്കളെ പാര്‍പ്പിക്കാനുള്ള ഷെല്‍ട്ടര്‍ സൗകര്യങ്ങള്‍ വികസിപ്പിക്കും. അനിമല്‍ ബര്‍ത്ത് കണ്ട്രോള് (എബിസി) പരിപാടികള്‍ ശക്തിപ്പെടുത്തും. ഇരകള്‍ക്കുള്ള നഷ്ടപരിഹാരം വേഗത്തിലാക്കും. കൂടാതെ എന്‍ജിഒകളെയും മൃഗക്ഷേമ സംഘടനകളെയും ഷെല്‍ട്ടര്‍ പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ഈ വര്‍ഷം തദ്ദേശ സ്ഥാപനങ്ങള്‍ക്കു വാക്സിനേഷനും വന്ധ്യംകരണത്തിനുമായി 18 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
സുപ്രീംകോടതി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ തിരുവനന്തപുരം, കൊച്ചി, കൊല്ലം, തൃപ്പൂണിത്തുറ എന്നിവയുള്‍പ്പെടെ അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഷെല്‍ട്ടര്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
Tags : Street dogs will not be killed killed