പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ വിധി ആറിന്. കേസിലെ അന്തിമവാദം പൂർത്തിയായി. കേസിലെ ഏകപ്രതിയായ ചെന്താമര നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സജിതയെ (35) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്.
ഈ കേസിൽ 3.25 ലക്ഷം രൂപ പിഴയും അടയ്ക്കണം. 2019 ഓഗസ്റ്റ് 31നാണ് സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി 2025 ജനുവരി 27ന് ബോയൻ കോളനിയിൽ സജിതയുടെ ഭർത്താവ് സുധാകരൻ, അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെ വെട്ടിക്കൊലപ്പെടുകയായിരുന്നു.
ചെന്താമരയ്ക്ക് സജിതയോടും അവരുടെ കുടുംബത്തോടുമുള്ള വിരോധമാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ച് കോളനിയിൽ എത്തിയതടക്കം പോലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായി. അഡീഷണൽ ഡിസ്ട്രിക് ആൻഡ് സെൻഷൻസ് കോടതി നാല് ജഡ്ജി കെന്നത്ത് ജോർജ് മുന്പാകെയാണ് വിചാരണ. സജിത വധക്കേസിൽ വിധി പറഞ്ഞതും ഇതേ കോടതിയാണ്. കേസിൽ 82 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി എം.കെ. വിജയകുമാറും പ്രതിഭാഗത്തിനു വേണ്ടി ജേക്കബ് മാത്യുവും മുഹമ്മദ് ഹാഷിമുമാണ് ഹാജരാകുന്നത്.ആലത്തൂർ ഡിവൈഎസ്പിയായിരുന്ന എൻ. മുരളീധരന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Tags : Nenmara double double murder