തിരുവനന്തപുരം: ഏറ്റവും കൂടുതൽ വൈദ്യുതി ചെലവുള്ള (പീക്ക്) സമയങ്ങളിലെ ആവശ്യകത നേരിടാൻ ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതികൾക്ക് (ബെസ്) മുൻഗണന നൽകി സമയബന്ധിതമായി നടപ്പാക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്. നിലവിലുള്ള ആറ് ബെസ് പദ്ധതികളായ മൈലാട്ടി, ശ്രീകണ്ഠാപുരം, മുള്ളേരിയ, അരീക്കോട്, പോത്തൻകോട്, ബ്രഹ്മപുരം എന്നിവ കമ്മീഷൻ ചെയ്യുന്നതോടെ കപ്പാസിറ്റിയിൽ 500 മെഗാവാട്ട് വർധിപ്പിക്കാനും എനർജി സംഭരണശേഷിയിൽ 1500 മെഗാവാട്ട് വർധിപ്പിക്കാനും കഴിയുമെന്നു സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം സംബന്ധിച്ചു ചട്ടം 300 പ്രകാരമുള്ള പ്രസ്താവനയിൽ മന്ത്രി നിയമസഭയിൽ പറഞ്ഞു.
ഇതിൽ അഞ്ചു പദ്ധതികൾ 2026 അവസാനത്തോടെ കമ്മീഷൻ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, ഡിസ്കവറി എഫിഷന്റ് ഇലക്ട്രിസിറ്റി പ്രൈസ് പോർട്ടൽ വഴി കഴിഞ്ഞ 15 മുതൽ ഡിസംബർ 31 വരെ ഷോർട്ട് ടേം പവർ പർച്ചേസ് നടത്താനുള്ള അനുമതി നൽകിയും താരിഫ് അംഗീകരിച്ചും വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവായിരുന്നു. ഈ നടപടികളിലൂടെ വൈദ്യുതി പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം കഴിയുന്നത്ര കുറയ്ക്കാനുള്ള ബോധവത്കരണവും ആവശ്യമാണ്.
മഴയുടെ ലഭ്യതക്കുറവു മൂലം സംഭരണ ഡാമുകളിലേക്കുള്ള നീരൊഴുക്ക് സാരമായി കുറഞ്ഞതും അന്തരീക്ഷ താപനില ഉയർന്നു നിൽക്കുന്നതിനാൽ വൈദ്യുതി ഉപയോഗം വർധിച്ചു. ഇതു നേരിടാനായി ഇതരസംസ്ഥാനങ്ങളിൽനിന്നു വൈദ്യുതി കടം വാങ്ങി. ജൂണ് 16 മുതൽ തിരികെ നൽകാമെന്ന കരാറിലാണ് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വൈദ്യുതി വായ്പയായി വാങ്ങിയത്. പീക്ക് സമയത്തെ അധിക വൈദ്യുതി ആവശ്യകത നേരിടുന്നത് ഉയർന്ന വിലയ്ക്കു പുറമേനിന്ന് വൈദ്യുതി വാങ്ങിയാണ്.
പകൽസമയത്ത് സോളാറിൽനിന്നും മറ്റും വൈദ്യുതി ലഭ്യമാകുന്നതിനാൽ വളരെ കുറഞ്ഞ നിരക്കിൽ വൈദ്യുതി കിട്ടുമെങ്കിലും പീക്ക് സമയങ്ങളിൽ യൂണിറ്റിന് 10 രൂപ വരെ നൽകേണ്ടി വരും: മന്ത്രി പറഞ്ഞു. ആഭ്യന്തര വൈദ്യുതി ഉത്പാദനശേഷി വർധിപ്പിക്കുന്നതും ലാഭകരമായ ദീർഘകാല കരാറുകളിൽ ഏർപ്പെടുന്നതാണ് ഇതിനുള്ള പരിഹാരം. നിലവിലുള്ള ജലവൈദ്യുത പദ്ധതികളുടെ കപ്പാസിറ്റി വർധിപ്പിക്കുന്നതു സംബന്ധിച്ച പഠനങ്ങളും പന്പ്ഡ് സ്റ്റോറേജ് പദ്ധതികളുടെ നടപടികളും നടക്കുന്നുണ്ടെങ്കിലും ഇതെല്ലാം കൂടുതൽ സമയം എടുക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
Tags : Power crisis Minister Sunny Joseph battery energy storage