കൊച്ചി: നടന്‍ ടിനി ടോമിനെതിരെ നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ടിനി ടോമിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കാന്‍ പോലീസിനോട് നിര്‍ദേശിക്കണം എന്നാണ് അന്‍സിബ നല്‍കിയ ഹര്‍ജിയിലെ ആവശ്യം.
തെളിവുകളുടെ അഭാവത്തില്‍ കേസ് എടുക്കാന്‍ പോലീസ് തയാറായിരുന്നില്ല. അന്‍സിബ നല്‍കിയ പരാതിയില്‍ പോലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും തനിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് അന്‍സിബ ടിനി ടോമിനെതിരെ പരാതി നല്‍കിയത്. അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ല എന്നായിരുന്നു പോലീസിന്‍റെ നിഗമനം.
താരസംഘടനയായ 'അമ്മ'യിലെ ചേരിപ്പോരിന് തുടക്കമായത് ടിനി ടോമും അന്‍സിബയും തമ്മിലുള്ള വാദപ്രതിവാദങ്ങളും പ്രശ്‌നങ്ങളും ആയിരുന്നു. തന്നെ ജിഹാദി എന്ന് വിളിക്കുകയും ഒരു മതത്തിന്‍റെ ആളാക്കി ചിത്രീകരിക്കുകയും ടിനി ടോം ചെയ്തതായി നീനാ കുറുപ്പ് പറഞ്ഞു എന്നതാണ് അന്‍സിബയുടെ പരാതിയുടെ അടിസ്ഥാനം.
കടവന്ത്ര പോലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാനാകില്ല എന്നായിരുന്നു സെന്‍ട്രല്‍ എസിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മറ്റൊരാള്‍ പറഞ്ഞു കേട്ടതാണ് പരാതിയുടെ അടിസ്ഥാനം. അതുപ്രകാരം കേസെടുക്കാന്‍ ആകില്ല എന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
Tags : Ansiba Hassan Tiny Tom