ജയരാജൻ
ആലപ്പുഴ: ചേർത്തലയിൽ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ച സംഭവം കൊലപാതകമാണെന്ന നിഗമനത്തിൽ പോലീസ്. സംഭവത്തിൽ മരിച്ച ജയരാജന്റെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ മർദനമേറ്റ പാടുകളും മുറിവുകളും കണ്ടെത്തിയതോടെയാണ് കേസ് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.
ഞായറാഴ്ചയാണ് ജയരാജനെ വീടിനു പുറത്ത് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. എന്നാൽ ഇയാളെആശുപത്രിയിൽ എത്തിക്കുന്നതിൽ വീട്ടുകാർ വലിയ താമസം വരുത്തി. മണിക്കൂറുകൾക്ക് ശേഷം മാറി താമസിക്കുന്ന മൂത്ത മകൻ ശ്രീജിത്ത് എത്തിയാണ് ഇയാളെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ശരീരത്തിന്റെ പല ഭാഗത്തും മുറിവുകളും മർദനമേറ്റ പാടുകളും കണ്ടെത്തിയതോടെ ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് സംഭവം കൊലപാതകമാണെന്ന കണ്ടെത്തലിലേക്ക് പോലീസ് എത്തിയത്. പ്രാഥമികമായി പോലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിൽ വഴക്കുണ്ടായതായും കണ്ടെത്തിയിട്ടുണ്ട്.