തിരുവനന്തപുരം: അരുവിക്കര എണിക്കരയിൽ സിപിഎം - ബിജെപി സംഘർഷം. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങുകയായിരുന്ന സിപിഎം - ബിജെപി പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്.
ഇരുവിഭാഗത്തിലുംപെട്ട നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. തെരഞ്ഞെടുപ്പ് ആവേശത്തിന് പിന്നാലെ നടന്ന ആക്രമണം പ്രദേശത്ത് വലിയ തോതിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. ആക്രമണത്തിൽ പട്ടികകൊണ്ട് തലയ്ക്ക് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സിപിഎം പ്രവർത്തകനെ അടിയന്തര ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റ് പ്രവർത്തകർ പേരൂർക്കട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവമറിഞ്ഞ ഉടൻ ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പേരൂർക്കട താലൂക്ക് ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. ഇവർക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഉറപ്പുവരുത്താൻ അദ്ദേഹം നിർദേശിച്ചു. സംഘർഷത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അരുവിക്കര മേഖലയിൽ വീണ്ടും സംഘർഷമുണ്ടാകാതിരിക്കാൻ വലിയ തോതിൽ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. എണിക്കര ഭാഗത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കി.