തിരുവനന്തപുരം: നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ലെന്നും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നുമുള്ള വി. ശിവൻകുട്ടിയുടെ പ്രസ്താവനയോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും എതിർ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ.
ഡബിള്‍ ലോക്കും താക്കോലും പറയുന്നവര്‍ക്ക് അഹങ്കാരമാണെന്നും നേമത്ത് ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം തിരിച്ചടിച്ചു. ശിവൻകുട്ടി വലിയ നേതാവാണെന്നും മന്ത്രിയാണെന്നും മാങ്ങയാണെന്നും ചക്കയാണെന്നുമൊക്കെയാണല്ലോ പറയുന്നത്. അങ്ങനെയെങ്കിൽ വിവാദം ഉണ്ടാക്കാതെ വികസനം ചര്‍ച്ച ചെയ്യട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
അതേസമയം, ഡീൽ അടക്കമുള്ള ആരോപണങ്ങളിൽ കൂടുതൽ പറയാനില്ലെന്നും അടുത്ത രണ്ടു ദിവസം വികസനം മാത്രമായിരിക്കും പറയുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേമത്ത് താനും രാജീവ് ചന്ദ്രശേഖറുമായിട്ടാണ് മത്സരമെന്നും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേരത്തെ ശിവൻകുട്ടി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ വരവൊക്കെ ബിജെപി ക്യാമ്പിൽ മാത്രമാണ് ആവേശമുണ്ടാക്കിയത്. കേരളത്തെ വഞ്ചിച്ച പ്രധാനമന്ത്രിയെ ജനങ്ങള്‍ക്ക് അറിയാം. പിഎം ശ്രീയൊന്നും ചര്‍ച്ചയേ ആയിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
Tags : Rajiv Chandrasekhar V Sivankutty Nemom NDA LDF