തിരുവനന്തപുരം: അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിധിൻരാജിന്റെ മരണത്തിൽ അധ്യാപകർക്കും സീനിയർ വിദ്യാർഥികൾക്കുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്.
നിധിൻ ആത്മഹത്യ ചെയ്യില്ലെന്നും കാമ്പസിൽ നിന്ന് ക്രൂരമായ പീഡനം നേരിട്ടിരുന്നതായും കുടുംബം ആരോപിക്കുന്നുണ്ട്. കോളേജിലെ അധ്യാപകർക്കെതിരെയാണ് കുടുംബത്തിന്റെ ഗുരുതര ആരോപണങ്ങൾ.
ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയും അധ്യാപകരും നിധിനെ ക്രൂരമായി ഉപദ്രവിച്ചെന്ന് കുടുംബം പറയുന്നു. നിധിനെ മാനസികമായി തളർത്തി. ജാതി പറഞ്ഞും സാമ്പത്തികം പറഞ്ഞും അധിക്ഷേപിച്ചു. എച്ച്ഒഡിക്ക് എതിരെ നിധിൻ പരാതി നൽകിയതിൽ വൈരാഗ്യം ഉണ്ടായിരുന്നതായും കുടുംബം ആരോപിക്കുന്നു.
സീനിയർ വിദ്യാർത്ഥികൾ നിധിനെ റാഗ് ചെയ്തിരുന്നതായും കുടുംബം പറയുന്നു. തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശിയായ നിധിൻ മെറിറ്റ് സീറ്റിൽ ആണ് ഈ വർഷം അഡ്മിഷൻ എടുത്തത്. തിരുവനന്തപുരം ചാലക്കടവ് സ്വദേശി വൈ.എൽ. രാജൻ-സി.ആർ. ലത ദന്പതികളുടെ മകനാണ്.
കഴിഞ്ഞ ദിവസം കോളജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് നിധിനെ കണ്ടെത്തിയത്. നിധിൻരാജ് ലിഫ്റ്റിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പോലീസ് മൊബൈൽ ഫോൺ ഉൾപ്പടെയുള്ളവയിലെ വിവരങ്ങൾ പരിശോധിക്കുന്നുണ്ട്.
Tags : kerala police bds trivandrum crime news say no to suicide