മലപ്പുറം: സാമ്പത്തിക തർക്കത്തെ തുടർന്ന് അനുജനെ ചേട്ടൻ കുത്തിക്കൊന്നു. മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ പുലർച്ചെ നാലോടെയായിരുന്നു കൊലപാതകം. വാക്കു തര്‍ക്കത്തിനിടയില്‍ ജുനൈദ് അനുജൻ അമീര്‍ സുഹൈലിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു.
വീടിലെ ഹാളില്‍ വച്ചായിരുന്നു ആക്രണം. കഴുത്തില്‍ കുത്തേറ്റ അമീര്‍ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അടുക്കളയില്‍ കുഴഞ്ഞു വീണ് മരിച്ചു. കൊലപാതകത്തിന് പിന്നാലെ ജുനൈദ് ബൈക്കില്‍ മഞ്ചേരി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ചോദ്യം ചെയ്തതില്‍ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് ജുനൈദ് പോലീസിനോട് സമ്മതിച്ചു.
പല ഇടപാടുകളിലായി അമീര്‍ വലിയ സാമ്പത്തിക ബാധ്യതയിലാണെന്നും ഈ കടത്തെ ചൊല്ലി തര്‍ക്കമുണ്ടായെന്നുമാണ് ജുനൈദിന്റെ മൊഴി. മരിച്ച അമീര്‍ അവിവാഹിതനാണ്. കൊലപാതകം നടത്തിയ ജുനൈദ് ലഹരിയിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇൻക്വസ്റ്റിനും പോസ്റ്റുമോട്ടത്തിനും ശേഷം അമീറിന്റെ മൃതദേഹം പൂക്കോട്ടൂരില്‍ കബറടക്കി.