കൊച്ചി: ക്രിസ്തീയ ഭക്തിഗാനരംഗത്ത് എക്കാലവും ഓര്‍മിക്കപ്പെടുന്ന ഹിറ്റ് ഗാനങ്ങള്‍ക്ക് ഈണമൊരുക്കിയ ഫാ. ഡോ. ജെസ്റ്റിന്‍ പനയ്ക്കല്‍ (90) അന്തരിച്ചു. ഒസിഡി സന്യാസസമൂഹാംഗമാണ്. സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് മഞ്ഞുമ്മല്‍ കര്‍മലീത്ത ആശ്രമ ദേവാലയത്തില്‍.
പൈതലാം യേശുവേ, മഞ്ഞുപൊതിയുന്ന മാമരം കോച്ചുന്ന, സ്‌നേഹസ്വരൂപാ തവദര്‍ശനം, ദൈവം നിരുപമസ്‌നേഹം, എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍... തുടങ്ങിയ അനശ്വരഗാനങ്ങളുടെ സംഗീത സംവിധായകനാണ്. ഈണമിട്ട 29 പാട്ടുകളില്‍ 25 ഉം ഗാനഗന്ധര്‍വന്‍ യേശുദാസിന്‍റെ ശബ്ദത്തിലാണു ലോകം ആസ്വദിച്ചതെന്നതും ശ്രദ്ധേയം.
കെ.എസ്. ചിത്രയുടെ സംഗീതജീവിതത്തില്‍ വഴിത്തിരിവായ ഗാനമാണ് പൈതലാം യേശുവേ... എന്ന ശ്രദ്ധേയ ഗാനം. തരംഗിണിയുടെ സ്‌നേഹപ്രവാഹം എന്ന കാസറ്റിലൂടെയാണ് ഈ ഗാനം പുറത്തിറങ്ങിയത്. സ്‌കൂള്‍ യുവജനോത്സവ വേദികളില്‍ തിളങ്ങിനിന്ന കെ.എസ്. ചിത്രയെക്കൊണ്ട് ഈ പാട്ടുപാടിക്കാന്‍ പനക്കലച്ചനോടു നിര്‍ദേശിച്ചതു യേശുദാസ് തന്നെയായിരുന്നു.
തരംഗിണിയുടെ ഹിറ്റുകളായ സ്‌നേഹസന്ദേശം, തളിര്‍മാല്യം തുടങ്ങിയ ആല്‍ബങ്ങളിലും പനയ്ക്കലച്ചന്‍റെ പാട്ടുകളുണ്ടായിരുന്നു.
കുമ്പളങ്ങി സ്വദേശിയായ പനക്കല്‍ ജോബിന്‍റെ മകനാണു ഫാ. ജെസ്റ്റിന്‍. 1952 ലാണ് കര്‍മലീത്ത നിഷ്പാദുക സഭയില്‍ അംഗമാകുന്നത്. 1962 ല്‍ തിരുപ്പട്ടം സ്വീകരിച്ചു. റോമില്‍നിന്നു ദൈവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും പൂര്‍ത്തിയാക്കിയ ശേഷം 1969 മുതല്‍ മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരിയില്‍ പ്രഫസറായി സേവനം ചെയ്തു. ദീര്‍ഘകാലമായി വിശ്രമജീവിതം നയിക്കുകയായിരുന്നു.
ഫാ. ജെസ്റ്റിന്‍ പനയ്ക്കലിന്‍റെ മൃതദേഹം ആറിനു രാവിലെ ഏഴു മുതല്‍ മഞ്ഞുമ്മല്‍ കര്‍മലീത്ത ആശ്രമ ദൈവാലയത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.
Tags : Fr. Dr. Jestin Panackal passes away death song