രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: മെസിയുടെ പേരിൽ സാമ്പത്തിക ക്രമക്കേട് കാണിച്ചവരെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സ്പോൺസറുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
മാധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ക്രിമിനൽ പശ്ചാത്തലമുള്ളവരും ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നവരും കടന്നുവരുന്നത് ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്ന് രാജീവ് ചന്ദ്രശേഖർ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
മാധ്യമങ്ങൾ ജനാധിപത്യത്തിന്‍റെ നാലാം തൂണാണ്. ജനാധിപത്യത്തിന്‍റെ കാവൽക്കാരാകേണ്ട മാധ്യമ സ്ഥാപനങ്ങളുടെ തലപ്പത്ത് തന്നെ ക്രിമിനൽ കേസുകളും ഗുരുതരമായ ആരോപണങ്ങളും നേരിടുന്നവർ എത്തുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്.
അർജന്‍റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഉയർന്ന സാമ്പത്തികവും നടപടിക്രമപരവുമായ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കേണ്ടതുണ്ട്. കായികവകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട് തന്നെ വിഷയത്തിൽ കൂടുതൽ പരിശോധന ആവശ്യപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Tags : Messi RajeevChandrasekhar Investigation Deepika DeepikaNewspaper BreakingNews NewsUpdate