കൊല്ലം: ഇന്ധനം തീർന്നു കടലിൽ കുടുങ്ങിയ മംഗോളിയൻ ചരക്കു കപ്പൽ കൊല്ലം തുറമുഖത്ത്. ചൈനയിൽ നിന്നു ഷാർജയിലേക്കു പോവുകയായിരുന്ന എൽപിജി കപ്പലാണു തീരത്തടുത്തത്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നു ഹോർമുസ് കടലിടുക്ക് കടക്കാനാവാത്ത സാഹചര്യത്തിലാണ് കൊല്ലം തുറമുഖത്ത് അടുത്തത്.
കൊച്ചി തുറമുഖത്ത് അടുക്കാനായി 11 ദിവസം കാത്തുകിടന്നെങ്കിലും ഷിപ്പിംഗ് ഡയറക്ടർ ജനറലിന്റെ ഇൻഷ്വറൻസ് ഇല്ലാതിരുന്നതിനാൽ അനുമതി ലഭിച്ചില്ല. മംഗോളിയയുടെ പതാകയുള്ള കപ്പൽ ഫെബ്രുവരി 14നാണു ചൈനയിൽനിന്നു പുറപ്പെട്ടത്.
പശ്ചിമേഷ്യയിലെ പ്രതിസന്ധി കാരണം വേഗം കുറച്ചും ഇടയ്ക്കിടെ നങ്കൂരമിട്ടുമാണു നീങ്ങിയിരുന്നത്. യുദ്ധം തീരുന്നതിനനുസരിച്ച് എത്താമെന്നായിരുന്നു കണക്കുകൂട്ടലായിരുന്നെങ്കിലും ഇന്ധനം കുറയുകയായിരുന്നു. കൊച്ചിയിൽ നിന്നു ടാങ്കർ ലോറികളിൽ 10,000 ലിറ്റർ ഇന്ധനമാണു കൊല്ലത്തെത്തിക്കുന്നത്. ശുദ്ധജലം, പലവ്യഞ്ജനം എന്നിവയും ലഭ്യമാക്കും. ഇന്ധനം ഇന്നു നിറയ്ക്കാനാണു ശ്രമം.
Tags : Fuel runs out Mongolian ship docks Kollam port