തിരുവല്ല: തിരുവല്ലയിലെ സ്പായിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ ഒരു പ്രതിയെ കൂടി പോലീസ് പിടികൂടി. നിരണം സ്വദേശി വരുൺ ആണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ആലുവയിൽനിന്ന് ഞായറാഴ്ച അർധരാത്രിയോടെയാണ് പ്രതിയെ പിടികൂടിയത്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. വരുണിന്റെ മൊബൈൽ ലൊക്കേഷൻ കൊച്ചിയിലാണെന്ന് മനസിലാക്കി പോലീസ് നടത്തിയ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്. നേരത്തെ സുബിൻ, ബെർലിൻ ദാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആകെ ആറ് പ്രതികളുള്ള കേസിൽ ഇനി മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ട്. ഒളിവിൽ പോയ ബാക്കി പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇവർ സംസ്ഥാനം വിട്ടതായും പോലീസിന് സംശയമുണ്ട്.