കൊച്ചി: പ്ലേ സ്കൂളുകള്‍, ഡേകെയര്‍ സെന്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിന്റെ നയരൂപീകരണം സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി വിശദാംശങ്ങള്‍ അറിയിക്കണമെന്നു ഹൈക്കോടതി. നയരൂപീകരണത്തിനുള്ള നടപടികള്‍ വൈകുന്നതില്‍ ഡിവിഷന് ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി.
വിഷയം വീണ്ടും പരിഗണിക്കുന്ന 18ന് ഉച്ചയ്ക്ക് 1.45ന് ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി ഓണ്‍ലൈനായി ഹാജരാകണമെന്നാണു ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചത്.
കൊച്ചുകുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച് കരട് മാര്‍ഗനിര്‍ദേശം തയാറാക്കാന്‍ 2021ല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് വനിതാ-ശിശു ക്ഷേമ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. നാഷണല്‍ ക്രഷ് സ്കീം, അങ്കണവാടി സ്കീം എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രാദേശിക സാഹചര്യങ്ങള്‍ക്കൂടി പരിഗണിച്ച് കരട് തയാറാക്കാനായിരുന്നു ഉത്തരവ്.
എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടിയായില്ലെന്നു ചൂണ്ടിക്കാട്ടി ചങ്ങനാശേരി സ്വദേശിനി മെഹ്ന ഇബ്രാഹിം ഫയല്‍ ചെയ്ത ഹര്‍ജിയാണു ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് പരിഗണിക്കുന്നത്.
Tags : High Court kerala daycare play schools