കൊച്ചി: മത്സ്യങ്ങളെയും മറ്റു ജലജീവികളെയും ജീവനോടെ സുരക്ഷിതമായി കൊണ്ടുപോകുന്നതിനായി വികസിപ്പിച്ച പുതിയ സാങ്കേതിക വിദ്യയ്ക്കു കൊച്ചിയിലെ ഐസിഎആര്‍–സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിക്ക് (ഐസിഎആര്‍–സിഐഎഫ്ടി) ഇന്ത്യന്‍ പേറ്റന്റ് ലഭിച്ചു. നോണ്‍ സൈക്ലിക് റഫ്രിജറേഷന്‍ ഉപയോഗിച്ച് ജീവനുള്ള ഗതാഗതത്തിനു ജലജീവികളില്‍ ഹൈപ്പോതെര്‍മിക് അനസ്തേഷ്യ നല്‍കുന്നതിനുള്ള ഉപകരണം എന്ന കണ്ടുപിടിത്തത്തിനാണു പേറ്റന്റ് ലഭിച്ചത്.
മത്സ്യങ്ങളെ ഗതാഗതത്തിനു മുമ്പ് രാസവസ്തുക്കള്‍ ഉപയോഗിക്കാതെ, നിയന്ത്രിത കുറഞ്ഞ താപനിലയിലൂടെ ശാന്തമാക്കുന്നതാണ് ഈ സാങ്കേതിക വിദ്യയുടെ പ്രധാന സവിശേഷത. ഓരോ ഇനത്തിനും അനുയോജ്യമായ രീതിയില്‍ വെള്ളത്തിന്റെ താപനില ക്രമേണ കുറയ്ക്കുന്നതിനാല്‍ അപ്രതീക്ഷിത തണുപ്പു മൂലമുള്ള ആഘാതം ഒഴിവാക്കാനും ഗതാഗത സമയത്തെ ജീവന് നിലനിര്‍ത്തല്‍ വര്‍ധിപ്പിക്കാനും കഴിയും. നിയന്ത്രിതവും രാസരഹിതവും ഷോക്ക് രഹിതവുമായ തണുപ്പിക്കല്‍ സംവിധാനമാണ് ഈ കണ്ടുപിടിത്തത്തിന്റെ പ്രധാന പുതുമ.
ജീവനുള്ള മത്സ്യങ്ങളുടെ ഗതാഗതം കര്‍ഷകര്‍, വ്യാപാരികള്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്കെല്ലാം ഏറെ പ്രധാനപ്പെട്ട മേഖലയാണ്. എന്നാല്‍ ഗതാഗതത്തിനിടെ ഉണ്ടാകുന്ന സമ്മര്‍ദവും മരണനിരക്കും വലിയ നഷ്ടങ്ങള്‍ക്കു കാരണമാകാറുണ്ട്. ഈ പ്രശ്നത്തിന് പ്രായോഗികവും ലളിതവുമായ പരിഹാരമാണ് ഐസിഎആര്‍-സിഐഎഫ്ടി വികസിപ്പിച്ച ഈ പേറ്റന്റ് സാങ്കേതിക വിദ്യ. ചെറുകിട, ഇടത്തരം സംരംഭകര്‍ക്കും മത്സ്യകര്‍ഷകര്‍ക്കും ഉപയോഗിക്കാന്‍ അനുയോജ്യമായ രീതിയിലാണ് രൂപകല്‍പ്പന.
ഗതാഗത നഷ്ടം കുറച്ച്, ഉപഭോക്താക്കള്‍ക്ക് മികച്ച ഗുണനിലവാരമുള്ള ജീവനുള്ള മത്സ്യം ലഭ്യമാക്കുന്നതിനാല്‍ ഈ കണ്ടുപിടിത്തത്തിന് മികച്ച വാണിജ്യ സാധ്യതയുമുണ്ട്. ഐസിഎആര്‍- സിഐഎഫ്ടി നടപ്പാക്കിയ ഡിഎസ്ടി പിന്തുണയുള്ള പദ്ധതിയിലാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. ഡോ. യു. പാര്‍വതി, ഡോ. എസ്. മുരളി, ഡോ. പി.കെ. ബിന്‍സി, ഡോ. കെ. സതീഷ് കുമാര്‍, ഡോ. സി.എന്‍. രവിശങ്കര്‍, ജിതിന് ടി. ജോയ്, വിഷ്ണു ആര്. നായര്‍ എന്നിവരാണ് ഈ പേറ്റന്റ് സാങ്കേതിക വിദ്യയുടെ വികസനത്തില്‍ പങ്കാളികളായത്.
Tags :