കൊച്ചി: “കേവലം തെരഞ്ഞെടുപ്പു പ്രചാരണവിഷയമായും വെറും വാഗ്ദാനങ്ങളായും യുഡിഎഫിന്റെ ‘ഇന്ദിരാ ഗാരന്റി’യെ കാണേണ്ടതില്ല. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെയും കോണ്‍ഗ്രസിലെ സംസ്ഥാന, ദേശീയ നേതാക്കളുടെയും ഏറെനാള്‍ നീണ്ട ശാസ്ത്രീയവും കൃത്യവുമായ ഹോം വര്‍ക്ക് അതിനു പിന്നിലുണ്ട്’’.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ തുറുപ്പുചീട്ടായ ഇന്ദിരാ ഗാരന്റി സജീവചര്‍ച്ചയാകുമ്പോള്‍, എഐസിസി ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ കെ.സി. വേണുഗോപാല്‍ എംപിയുടെ വാക്കുകളാണിത്.
തെരഞ്ഞെടുപ്പു പ്രഖ്യാപനഘട്ടത്തിലുണ്ടായ കോണ്‍ഗ്രസിലെ അപസ്വരങ്ങളെയും കല്ലുകടികളെയും നിഷ്പ്രഭമാക്കുംവിധം പ്രധാന നേതാക്കളെല്ലാം സുപ്രധാന വാഗ്ദാനങ്ങളുള്പ്പെട്ട ഇന്ദിരാ ഗാരന്റിയുമായി വിവിധ മണ്ഡലങ്ങളില്‍ വോട്ടര്‍മാരുടെ കുടുംബങ്ങളിലേക്ക് നേരിട്ടെത്തുകയാണ്. ഇന്ദിരാ ഗാരന്റി കേന്ദ്രീകരിച്ചുള്ള പ്രചാരണം ഗുണം ചെയ്യുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.
ആലുവ മണ്ഡലത്തിലെ ഗൃഹസന്ദര്‍ശനത്തിനിടെ ഇന്ദിരാ ഗാരന്റിയും യുഡിഎഫ് പ്രതീക്ഷകളും കെ.സി. വേണുഗോപാല്‍ പങ്കുവയ്ക്കുന്നു.:
നടപ്പാക്കുന്നതേ പറയൂ
നടപ്പാക്കാനാകുന്നതു മാത്രമാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ അവതരിപ്പിച്ച ഇന്ദിരാ ഗാരന്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതൊക്കെ നടക്കുമോയെന്നു ചിലര്‍ സംശയിക്കുന്നുണ്ട്. വിശദമായി പഠിച്ചശേഷമാണ് ഓരോ വാഗ്ദാനങ്ങളും യുഡിഎഫ് അംഗീകരിച്ചു പ്രഖ്യാപിച്ചിട്ടുള്ളത്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായുള്ള ആശയവിനിമയങ്ങളും വിവരശേഖരണവും ശാസ്ത്രീയമായ പഠനങ്ങളും ഇതിനുപിന്നിലുണ്ട്.
സ്ത്രീകള്‍ക്കു കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യയാത്ര, കോളജ് വിദ്യാര്‍ഥിനികള്‍ക്കു പ്രതിമാസം 1,000 രൂപ, എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷ്വറന്‍സ്, ക്ഷേമപെന്‍ഷനുകള്‍ 3000 രൂപ, യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് അഞ്ചു ലക്ഷം രൂപ പലിശരഹിത വായ്പ, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് എന്നീ ആറു വാഗ്ദാനങ്ങളാണ് ഇന്ദിരാ ഗാരന്റിയിലുള്ളത്. അധികാരത്തിലെത്തിയാല്‍ ഇവയെല്ലാം നടപ്പാക്കാനുള്ള ആര്‍ജവം യുഡിഎഫിനുണ്ട്.
പണം എവിടെ?
കേരളത്തിന്റെ ഖജനാവ് പത്തു വര്‍ഷംകൊണ്ട് കാലിയാക്കിയെന്നു മാത്രമല്ല, കോടികള്‍ കടമുണ്ടാക്കിയ സര്‍ക്കാരാണ് ഇടതുപക്ഷത്തിന്റേത്. അഞ്ചു ലക്ഷം കോടിയുടെ കടം കേരളത്തിലെ ജനങ്ങളുടെമേല്‍ കെട്ടിവച്ചു.
ഖജനാവിന്റെ സ്ഥിതിയെക്കുറിച്ച് യുഡിഎഫിനു വ്യക്തമായ ബോധ്യമുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ സര്‍ക്കാരിലേക്കു പണം എത്തിക്കാനുള്ള മാര്‍ഗങ്ങളും ഖജനാവ് സുരക്ഷിതമാക്കാനുള്ള വഴികളും ഞങ്ങള്‍ക്കറിയാം.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന ഇന്‍ഷ്വറന്‍സ് സ്കീം നിങ്ങള്‍ പരിശോധിച്ചുനോക്കൂ. ബില്‍രഹിത ചികിത്സയാണ് അവിടെ നടപ്പാക്കിയത്. ഹൃദയം, വൃക്ക എന്നിവ മാറ്റിവച്ചാല്‍ രോഗിക്കു ബില്‍ നല്‍കേണ്ട ആവശ്യമില്ല. 25 ലക്ഷം വരെ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ഉറപ്പാക്കിയാണ് അവിടെ പദ്ധതി നടപ്പാക്കുന്നത്. ഇതേ സ്കീം കേരളത്തിലും നടപ്പാക്കും. രോഗികള്‍ക്കു 25 ലക്ഷം രൂപ വരെ ലഭ്യമാക്കുന്ന സ്കീം ഇവിടെ നടപ്പാക്കുന്നത് സാധാരണക്കാരുടെ കുടുംബങ്ങള്‍ക്കു ചികിത്സാ ആവശ്യങ്ങളില്‍ വലിയ നേട്ടമാകും.
പിണറായിക്കു പരാജയഭീതി
മാധ്യമപ്രവര്‍ത്തകരും പൊതുജനങ്ങളും തന്നെ നോക്കി ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനു വല്ലാത്ത അസഹിഷ്ണുതയാണ്. പരാജയഭീതിയാണ് അദ്ദേഹത്തിന്റെ അസഹിഷ്ണുതയ്ക്കു പിന്നില്‍. ചോദ്യം ചോദിക്കുന്നതു പാര്‍ട്ടിക്കാരാണെങ്കിലും വീട്ടില്‍ പോയി ചോദിക്കാന്‍ പറയുന്ന മുഖ്യമന്ത്രിയാണ് ഇന്നുള്ളത്.
തെരഞ്ഞെടുപ്പില്‍ വിവിധ മണ്ഡലങ്ങളില്‍ ഡീല്‍ ഉണ്ടെന്നതില്‍ ഇപ്പോഴും മുഖ്യമന്ത്രിക്കു കൃത്യമായ മറുപടിയില്ല. അദ്ദേഹം കള്ളക്കളി തുടരുകയാണ്. ബിജെപിയുടെ ഡീലുകള്‍ക്ക് ട്വന്റി 20 ഇടനിലക്കാരാണ്. സിപിഎം ബിജെപിയുമായി ഒത്തുകളിക്കുകയാണ്.
മോദിയെയും ബിജെപിയെയും വിമര്‍ശിക്കാന്‍ പിണറായിക്കു ധൈര്യമില്ല. വേദനിക്കരുതെന്ന ആഗ്രഹത്തോടെയാണ് പിണറായി വിജയന് ഇവര്‍ക്കെതിരേ പറയുന്നത്.
ക്ലാസിഫിക്കേഷന്‍ ഇല്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ മുഖ്യമന്ത്രിയുടെ അറിവോടെ കോടികള്‍ കോഴ വാങ്ങിയെന്ന ആരോപണത്തിലും അദ്ദേഹത്തിനു മിണ്ടാട്ടമില്ല. മുഖ്യമന്ത്രിക്കെതിരേ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് എന്തുകൊണ്ട് അദ്ദേഹം മറുപടി പറയുന്നില്ല?
സര്ക്കാരവിരുദ്ധ വികാരം മാത്രമല്ല!
ഇടതുസര്‍ക്കാരിനെ ജനം മടുത്തു, വെറുത്തു. സര്‍ക്കാരിനും പിണറായിക്കുമെതിരേ ജനവികാരം ശക്തമാണ്. എന്നാല്‍ ഇതു മാത്രമല്ല യുഡിഎഫിന്റെ പ്രചാരണവിഷയം. അധികാരത്തിലേറിയാല്‍ കേരളത്തെ തിരിച്ചുപിടിക്കാനാകുന്ന, പ്രതീക്ഷ നല്കാനാകുന്ന ഒരു സര്‍ക്കാരുണ്ടാക്കാന്‍ യുഡിഎഫിനാണ് സാധിക്കുകയെന്ന് ഞങ്ങള്‍ വോട്ടര്‍മാരോട് പറയുന്നു. യുഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്ന ജനോപകാരപ്രദമായ പദ്ധതികളെക്കുറിച്ചും ഞങ്ങള്‍ വോട്ടര്‍മാരുമായി സംവദിക്കുന്നുണ്ട്. വോട്ടര്‍മാര്‍ യുഡിഎഫിനെയും മുന്നണി സ്ഥാനാര്‍ഥികളെയും സ്വീകരിച്ചുകഴിഞ്ഞു.
എഫ്സിആര്‍എ കുരുക്ക്!
കേന്ദ്രസര്‍ക്കാരിന്റെ എഫ്സിആര്‍എ നിയമഭേദഗതി ക്രൈസ്തവര്‍ക്കെതിരേയുള്ള കുരുക്കാണ്. ചെറിയതോതിലുള്ള വിദേശസഹായം പോലും സ്വീകരിച്ചാല്‍ ആ സ്ഥാപനം ഏറ്റെടുക്കാന്‍ വഴിയൊരുക്കുന്നതാണ് ഭേദഗതി. ഇതൊരു വിചിത്രമായ നീക്കമാണ്. ഇതിനെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കും.
ക്രിസ്മസിന് കേക്കുമായി പോകുകയും പിന്നാലെ നിയമഭേദഗതികളിലൂടെ ഞെരുക്കുകയും ചെയ്യുകയാണ് കേന്ദ്രസര്‍ക്കാരും ബിജെപിയും. ന്യൂനപങ്ങള്ക്കെതിരേ ആസൂത്രിതമായ നീക്കങ്ങളാണു ബിജെപി സര്‍ക്കാര്‍ നടത്തുന്നത്. ഇത് അനുവദിക്കില്ല.
ആലുവ ഉള്‍പ്പെടെ വിവിധ മണ്ഡലങ്ങളില്‍ യുഡിഎഫിന്റെ ഇന്ദിരാ ഗാരന്റി പ്രചാരണവുമായി കെ.സി. വേണുഗോപാല്‍ ഇന്നലെ ഗൃഹസന്ദര്‍ശനം നടത്തി.
Tags : Indira Guarantee proper homework