മന്ത്രി സണ്ണി ജോസഫ്.
തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖല സംബന്ധിച്ച കരട് വിജ്ഞാപനത്തിൽ കേരളത്തിന്റെ ആശങ്കകൾ കേന്ദ്രസർക്കാരിനെ അറിയിച്ചതായി മന്ത്രി സണ്ണി ജോസഫ്. ഇഎസ്എ പട്ടികയിൽനിന്ന് ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യമെന്നും മന്ത്രി വ്യക്തമാക്കി.
ഇഎസ്എയുടെ വിസ്തൃതി കുറയ്ക്കണമെന്ന നിലപാടും കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. 98 വില്ലേജുകളിലായി 8590.69 ചതുരശ്ര കിലോമീറ്ററായി ഇഎസ്എ ചുരുക്കണം എന്നാണ് സംസ്ഥാന സർക്കാരിന്റെ നിർദേശം. ഇതോടൊപ്പം 856.7 ചതുരശ്ര കിലോമീറ്റർ ജനവാസ മേഖല കൂടി ഒഴിവാക്കണമെന്ന ആവശ്യവും കേരളം മുന്നോട്ടുവച്ചിട്ടുണ്ട്.
ഇഎസ്എ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് കേരളം എല്ലാ ഘട്ടങ്ങളിലും ഇടപെടൽ നടത്തിയിട്ടുണ്ട്. ഇഎസ്എയുമായി ബന്ധപ്പെട്ട പ്രമേയം നിയമസഭയിൽ കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ കേരളത്തിന്റെ ഇഎസ്എ പരിധി 9993.7 ചതുരശ്ര കിലോമീറ്ററാണ്. ഇതിൽ 9107 ചതുരശ്ര കിലോമീറ്റർ വനമേഖലയും 886.7 ചതുരശ്ര കിലോമീറ്റർ വനേതര മേഖലയുമാണ്.
2014 മുതൽ 2026 ജൂലൈ 27 വരെ പ്രസിദ്ധീകരിച്ച ഏഴ് കരട് വിജ്ഞാപനങ്ങളിലും കേരളത്തിന്റെ ഇഎസ്എ വിസ്തൃതി കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരം നിർദേശിച്ചിരുന്ന 13,108 ചതുരശ്ര കിലോമീറ്ററിനേക്കാൾ കുറവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കസ്തൂരിരംഗൻ റിപ്പോർട്ടിലെ നിർദേശങ്ങളിൽനിന്ന് ഇഎസ്എ വിസ്തൃതി 9993 ചതുരശ്ര കിലോമീറ്ററായി കുറയ്ക്കാൻ കേരളത്തിന് ഇതിനകം കഴിഞ്ഞിട്ടുണ്ട്.
ഇനി വിജ്ഞാപനത്തിൽ വനേതര മേഖലയായി ഉൾപ്പെടുത്തിയിട്ടുള്ള 886.7 ചതുരശ്ര കിലോമീറ്റർ കൂടി ഒഴിവാക്കാനായാൽ സംസ്ഥാനത്തിന്റെ ആശങ്കകൾ പൂർണമായി പരിഹരിക്കാനാകും. ഇഎസ്എ വനത്തില് തന്നെ പരിമിതപ്പെടുത്തണം. കേരളത്തിന്റെ വനവിസ്തൃതി കൂടുതലാണ്. ഇതിൽ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Tags : WesternGhats EcologicallySensitiveArea Sunny joseph Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash