തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് നോട്ടീസയച്ച് കേരള പോലീസ്. തിരുവനന്തപുരം സൈബർ പോലീസാണ് നോട്ടീസ് നൽകിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ തകർക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി.
പോലീസിന്റെ നോട്ടീസ് ലഭിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ച മഹുവ മൊയ്ത്ര, നടപടിയെ രൂക്ഷമായി പരിഹസിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നെറ്റിയിൽ ബിജെപി ചിഹ്നം പതിച്ച ചിത്രം പങ്കുവെച്ച മഹുവ, കമ്മീഷണറെ 'വാനിഷ് കുമാർ'എന്നും വിശേഷിപ്പിച്ചു. തന്റെ ഈ പോസ്റ്റാണ് സാമുദായിക ഐക്യം ഒന്നുകൂടി തകർക്കുന്നതെന്നും അവർ പരിഹാസരൂപേണ പറഞ്ഞു.
കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച സർക്കുലറിൽ സാങ്കേതിക പിഴവ് മൂലം ബിജെപിയുടെ സീൽ പതിഞ്ഞിരുന്നു. ഈ കത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് മഹുവ മൊയ്ത്ര നടത്തിയ പരാമർശങ്ങളാണ് നടപടിക്ക് കാരണമായത്. മഹുവയുടെ പോസ്റ്റ് തെരഞ്ഞെടുപ്പ് പ്രക്രിയയെ അപകീർത്തിപ്പെടുത്തുന്നതാണെന്നും സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്നും നോട്ടീസിൽ പറയുന്നു. വിവാദ പോസ്റ്റ് നീക്കം ചെയ്തില്ലെങ്കിൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
ബിജെപി സീൽ വന്നത് ഒരു ക്ലറിക്കൽ പിഴവ് മാത്രമാണെന്നും, പിഴവ് ശ്രദ്ധയിൽപ്പെട്ടയുടൻ തിരുത്തൽ വരുത്തിയതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ വ്യക്തമാക്കിയിരുന്നു. ഇതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെയും തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തിരുന്നു.
Tags : Mahua Moitra Kerala Police Election Commission Latest News