തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുമെന്നറിയിച്ചിരുന്ന സിനിമകൾക്കു കേന്ദ്രം പ്രദർശനാനുമതി നിഷേധിച്ചതിനു പിന്നാലെ ശക്തമായ പ്രതികരണവുമായി സംസ്ഥാനം.
കേന്ദ്ര നടപടി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും പ്രദർശനാനുമതി നിഷേധിച്ച എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അറിയിച്ചതോടെ രാജ്യാന്തര ചലച്ചിത്രമേളയുടെ പേരിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ പോര് രൂക്ഷമായി. മേളയിൽ പ്രദർശിപ്പിക്കുമെന്നറിയിച്ചിരുന്ന 19 സിനിമകൾക്കായിരുന്നു പ്രദർശനാനുമതി ലഭിക്കാതിരുന്നത്.
ഇതിൽ നാലെണ്ണത്തിന് ഇന്നലെ പ്രദർശനാനുമതി ലഭിച്ചിരുന്നു. ബാക്കി ചലച്ചിത്രങ്ങളുടെ പ്രദർശനാനുമതി സംബന്ധിച്ച് തീരുമാനങ്ങൾ ഒന്നുമുണ്ടായില്ല. ഇതിനു പിന്നാലെയാണു മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സംസ്ഥാന നിലപാട് വ്യക്തമാക്കി രംഗത്തു വന്നത്.
രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ടിയിരുന്ന സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. രാജ്യത്ത് ഭിന്നസ്വരങ്ങളെയും വൈവിധ്യമാർന്ന സർഗാവിഷ്കാരങ്ങളെയും അടിച്ചമർത്തുന്ന സംഘപരിവാർ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയുടെ നേർക്കാഴ്ചയാണ് ചലച്ചിത്ര മേളയിലുണ്ടായിരിക്കുന്ന സെൻസർഷിപ്പ്.
ഇത്തരത്തിലുള്ള കത്രികവയ്ക്കലുകൾക്ക് പ്രബുദ്ധ കേരളം വഴങ്ങില്ല. പ്രദർശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും മേളയിൽ പ്രദർശിപ്പിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ എഴുതി. കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ശക്തമായ പ്രതികരണവുമായി രംഗത്തു വന്നു.
സിനിമകൾ സംഘപരിവാർ അജൻഡയ്ക്ക് ചേരുന്നതല്ലെങ്കിൽ 100 വർഷങ്ങളുടെ നിറവിൽ എത്തിയ "ബാറ്റിൽഷിപ്പ് പൊട്ടംകിൻ’ പോലും പുറത്തുനിൽക്കുമെന്നു പ്രതിപക്ഷനേതാവ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
മേളയിൽ പ്രദർശനാനുമതി നിഷേധിച്ച ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്നു സാംസ്കാരിക മന്ത്രി സജി ചെറിയാനും വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരേ യുവജന സംഘടനകളും അതിശക്തമായ പ്രതികരണവുമായി രംഗത്തു വന്നിട്ടുണ്ട്.
Tags : International Film Festival Films screening permission screened