പ്രതീകാത്മക ചിത്രം
കൊച്ചി: കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ യാത്രക്കാരായ അഞ്ച് പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നൽകി പണം തട്ടിയ കണ്ടക്ടറെ ഇൻസ്പെക്ടറുടെ പരിശോധനയിൽ പിടികൂടി. പെരുമ്പാവൂർ ഡിപ്പോയിൽ നിന്ന് മൂവാറ്റുപുഴ-ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർ വിജയനെതിരെയാണ് നടപടിക്ക് ശിപാർശ ചെയ്തത്.
സംഭവത്തിൽ അധികൃതർ വിജിലൻസ് വിഭാഗത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. വാഴക്കുളം പഞ്ചായത്തിലെ മഞ്ഞപ്പെട്ടി സ്റ്റോപ്പിൽ ഇറങ്ങിയ രണ്ട് പുരുഷന്മാരുടെ ടിക്കറ്റ് ഇൻസ്പെക്ടർ പ്രിയേഷ് പോൾ പരിശോധിച്ചപ്പോഴാണ് അവ സീറോ ടിക്കറ്റുകളാണെന്ന് കണ്ടെത്തിയത്.
തങ്ങൾ ടിക്കറ്റിനുള്ള തുക നൽകിയിട്ടുണ്ടെന്ന് യാത്രക്കാർ വ്യക്തമാക്കിയതിനെ തുടർന്ന് ഇൻസ്പെക്ടർ ബസിനുള്ളിൽക്കയറി നടത്തിയ വിശദമായ പരിശോധനയിലാണ് മറ്റ് മൂന്ന് പുരുഷ യാത്രക്കാർക്ക് കൂടി സമാന രീതിയിൽ സീറോ ടിക്കറ്റ് നൽകിയതായി കണ്ടെത്തിയത്. ഇവരും കണ്ടക്ടർക്ക് പണം നൽകിയിരുന്നതായി സ്ഥിരീകരിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.
Tags : zero tickets KSRTC conductor arrested