കൊച്ചി: ജലമാർഗം ചരക്കു നീക്കുന്നതിനുള്ള ചെലവിന്റെ 35 ശതമാനം സബ്സിഡിയായി നൽകുന്ന ജൽവാഹക് പദ്ധതി കേരളത്തിലും നടപ്പാക്കുമെന്ന് കേന്ദ്ര ഷിപ്പിംഗ്, തുറമുഖ, ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ. ഉൾനാടൻ ജലഗതാഗത മേഖലയുടെ വികസനത്തിന് 1500 കോടി രൂപ ചെലവഴിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉൾനാടൻ ജലഗതാഗത വികസന കൗൺസിൽ മൂന്നാം യോഗത്തിന്റെ (ഐഡബ്ല്യുഡിസി 3.0) ഭാഗമായി കൊച്ചിയിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
200 കിലോമീറ്ററിലധികം ചരക്കുകൾ നീക്കുന്നതിനാണ് സബ്സിഡി നൽകുക. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് കേരളത്തിൽ നദിയാത്രാ ജെട്ടികൾ സ്ഥാപിക്കും. കൊല്ലം-കോട്ടപ്പുറം ജലപാത അടുത്ത ഡിസംബറോടെ പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഇൻലാൻഡ് വാട്ടർവേയ്സ് അഥോറിറ്റി ഓഫ് ഇന്ത്യ ചെയർപേഴ്സൺ സുനിൽ പാലിവാളും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കേന്ദ്രമന്ത്രിയുടെ അധ്യക്ഷതയിൽ ഹൈക്കോടതി ബോട്ട് ജെട്ടിയിൽ ക്ലാസിക് ഇംപീരിയൽ ബോട്ടിൽ നടന്ന യോഗത്തിൽ ഹിമാചൽ പ്രദേശ് ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രി, ബിഹാർ ഗതാഗതമന്ത്രി ഷർവാൻ കുമാർ, നാഗാലാൻഡ് വൈദ്യുതി മന്ത്രി കെ.ജി. കെന്യേ, അരുണാചൽപ്രദേശ് ഗ്രാമവികസന മന്ത്രി ഓജിംഗ് ടാസിംഗ്, ഉത്തർപ്രദേശ് ഗതാഗതമന്ത്രി ദയ ശങ്കർ സിംഗ്, പഞ്ചാബ് ജലവിഭവ മന്ത്രി ബരീന്ദർ കുമാർ ഗോയൽ എന്നിവരും പങ്കെടുത്തു.
ജലപാതാ ചരക്കുനീക്കത്തിൽ കുതിപ്പ്
രാജ്യത്തെ ഉൾനാടൻ ജലപാതകളിലൂടെയുള്ള ചരക്കുനീക്കത്തിന്റെ വളർച്ച പത്തു വർഷത്തിനുള്ളിൽ എട്ടിരട്ടിയായെന്ന് കേന്ദ്ര തുറമുഖ മന്ത്രാലയം. 2013-14ൽ 180 കോടി മെട്രിക് ടണ്ണായിരുന്നു ചരക്കുനീക്കം. ഇപ്പോഴത് 1450 കോടി മെട്രിക് ടണ്ണായി.
Tags : Jalwahak Kerala Jalwahak scheme water transport Minister Sarbananda Sonowal