കോഴിക്കോട്: പട്ടാപ്പകല്‍ ജ്വല്ലറി ഉടമയുടെ മുഖത്ത് കുരുമുളക് സ്പ്രേ പ്രയോഗിച്ച് സ്വര്‍ണം തട്ടാന്‍ ശ്രമിച്ച യുവതിയെ ഉടമ തന്നെ പിടികൂടി. പിടിക്കപ്പെടുമെന്ന് അറിഞ്ഞതോടെ യുവതി ബാഗില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്ത് ഒഴിച്ച് ആത്മഹത്യ ചെയ്യാനും ശ്രമിച്ചു.
ഇന്നലെ രാവിലെ പത്തരയോടെ പന്തീരാങ്കാവ് അങ്ങാടിയിലെ സൗപര്‍ണിക ജ്വല്ലറിയിലാണ് മോഷണശ്രമം നടന്നത്. പെരുവയല്‍ പരിയങ്ങാട് തടായി സ്വദേശിനിയായ സൗദാബി (42)യാണ് പോലീസിന്റെപിടിയിലായത്
സ്വര്‍ണാഭരണം ആവശ്യപ്പെട്ടാണ് സൗദാബി എത്തിയത്. ജ്വല്ലറി ഉടമയായ മുട്ടഞ്ചേരി രാജന് ആഭരണം എടുക്കാന്‍ തിരിഞ്ഞതോടെ ഇയാളുടെ മുഖത്തേക്ക് യുവതി മുളക് സ്പ്രേ അടിക്കുകയായിരുന്നു.ആദ്യം പകച്ചുപോയ ഉടമ മോഷണശ്രമം ആണെന്ന് മനസിലാക്കി യുവതിയെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചു. ഇതോടെ യുവതി കൈയില്‍ കരുതിയ മറ്റൊരു കുപ്പിയിൽനിന്ന് പെട്രോള്‍ എടുത്ത് സ്വന്തം ദേഹത്ത് ഒഴിച്ചു.
യുവതിയും കട ഉടമയും തമ്മിലുണ്ടായ മല്‍പ്പിടിത്തത്തിനിടെ ബഹളം കേട്ട് സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി. ഇവര്‍ യുവതിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. ആഴ്ചകള്‍ക്ക് മുമ്പ് സൗദാബി ജ്വല്ലറിയില്‍ പലതവണ എത്തിയതായി ഉടമ പറഞ്ഞു. എന്നാല്‍ അന്ന് കൂടെയുണ്ടായിരുന്ന ആള് പണവുമായി എത്തിയില്ലെന്ന് പറഞ്ഞ് തിരികെ പോവുകയായിരുന്നു.
പണം കടംചോദിക്കുന്നതിനു വേണ്ടിയാണ് ജ്വല്ലറിയില്‍ എത്തിയതെന്നും അതിനിടയില്‍ പെട്ടെന്ന് സംഭവിച്ചുപോയതാണെന്നുമാണ് യുവതി പോലീസിനോടു പറഞ്ഞത്. യുവതിയുമായുള്ള ബലപ്രയോഗത്തില്‍ പരിക്കേറ്റ ജ്വല്ലറി ഉടമ പ്രാഥമിക ചികിത്സ തേടി. ഉടമയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.
Tags : Jeweler catches woman gold pepper spray