കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല
കൊച്ചി: ഡിഗ്രി പാസാകാത്ത വിദ്യാർഥികൾക്ക് പിജി പ്രവേശനം നൽകിയെന്ന പരാതിയിൽ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വീണ്ടും വിവാദത്തിൽ. 2017ലും 2021ലും ഡിഗ്രി പരീക്ഷ പാസാകാത്ത വിദ്യാർഥികൾക്ക് പിജി പ്രവേശനം ലഭിച്ചതായുള്ള സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തലാണ് പുതിയ വിവാദത്തിന് വഴിവെച്ചത്. സംഭവത്തിൽ സർവകലാശാലയോട് ഓഡിറ്റ് വിഭാഗം വിശദീകരണം തേടിയിട്ടുണ്ട്. അനധികൃത പിജി പ്രവേശനവുമായി ബന്ധപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചാൻസലർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകി.
സർവകലാശാലയുടെ തുറവൂർ പ്രാദേശിക കേന്ദ്രത്തിലാണ് ക്രമക്കേട് നടന്നതെന്നാണ് ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തൽ. 2014-17 കാലയളവിൽ ഇവിടെ ബിഎ പഠിച്ച വിദ്യാർഥിനിക്ക് 2017ൽ ഇതേ കാമ്പസിൽ എംഎ പ്രവേശനം ലഭിച്ചു. 2019ൽ എംഎ പാസായ വിദ്യാർഥിനി സർട്ടിഫിക്കറ്റുകൾക്കായി എത്തിയപ്പോഴാണ് ബിരുദത്തിന് ആവശ്യമായ പാസ് മാർക്ക് ലഭിച്ചിട്ടില്ലെന്ന വിവരം പുറത്തുവന്നത്. ബിരുദത്തിന്റെ അഞ്ചാം സെമസ്റ്ററിലെ എല്ലാ വിഷയങ്ങൾക്കും വിദ്യാർഥിനി പരാജയപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകിയിരുന്നതായും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
മറ്റൊരു സംഭവത്തിൽ 2001ൽ ബാച്ചിലർ ഓഫ് ഫൈൻ ആർട്സിന് പ്രവേശനം നേടിയ വിദ്യാർഥിക്ക് 2021ലാണ് എംഎഫ്എ പ്രവേശനം ലഭിച്ചത്. ഈ ബാച്ചിൽ ഡിഗ്രി പരീക്ഷയിൽ പരാജയപ്പെട്ട ഒമ്പത് വിദ്യാർഥികളിൽ ഇദ്ദേഹവും ഉൾപ്പെട്ടിരുന്നു. സർട്ടിഫിക്കറ്റ് നൽകുന്ന സമയത്താണ് ഡിഗ്രി പാസായിട്ടില്ലെന്ന കാര്യം കണ്ടെത്തിയത്. വിഷയത്തിൽ നേരത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടിയിരുന്നെങ്കിലും സർവകലാശാല മറുപടി നൽകിയില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.
അതേസമയം ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ അന്വേഷണം നടത്താൻ സർവകലാശാല സിൻഡിക്കറ്റ് തീരുമാനിച്ചു. വെള്ളിയാഴ്ച ചേർന്ന സിൻഡിക്കറ്റ് യോഗത്തിലാണ് തീരുമാനം. മുൻപും ഡിഗ്രി പാസാകാത്തവർക്ക് കാലടി സർവകലാശാലയിൽ പിജി പ്രവേശനം ലഭിച്ചത് വിവാദമായിരുന്നു. പുതിയ കണ്ടെത്തലോടെ സർവകലാശാലയിലെ പ്രവേശന നടപടികൾ വീണ്ടും പരിശോധനയ്ക്ക് വിധേയമാകുകയാണ്.
Tags : SreeSankaracharyaUniversity KaladyUniversity UniversityControversy HigherEducation KeralaEducation PGAdmission EducationScam AuditReport