കണ്ണൂർ: കണ്ണാടിപ്പറമ്പ് ധർമശാസ്താ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. ബുധനാഴ്ച രാത്രി 11നുണ്ടായ സംഭവത്തിൽ നിരവധി വാഹനങ്ങൾ തകർത്തു. അഞ്ചു കിലോമീറ്റർ വിരണ്ടോടിയ ആനയെ ഏറെ നേരത്തെ പ്രയത്നങ്ങൾക്ക് ശേഷം നാറാത്ത് ആലിൻ കീഴിനു സമീപം തളച്ചു.
വിരണ്ടോടിയ ആന ക്ഷേത്ര പരിസരത്ത് നിർത്തിയിട്ടിരുന്ന രണ്ട് കാറുകളും ഓട്ടോകളും തകർത്തു. ഇതിനിടയിൽ മറ്റു വാഹനങ്ങൾക്കും കേടുപറ്റി. പിന്നീട് ആന കണ്ണാടിപ്പറമ്പ് ടൗണിലെ നെടുവാട്ട്, സ്റ്റെപ്പ് റോഡ് വഴി കാട്ടാമ്പള്ളി മെയിൻ റോഡിലേക്ക് കടന്ന് ആലിൻ കീഴിനു സമീപം നിൽക്കുകയായിരുന്നു.
പാപ്പാന്മാർ എത്തി ഏറെ പ്രയത്നിച്ചാണ് ശാന്തനാക്കിയത്. ഉത്സവത്തിന് എത്തിയ ആളുകൾ തിങ്ങിനിറഞ്ഞ ക്ഷേത്ര പരിസരത്ത് ആന വിരണ്ടോടിയത് പരിഭ്രാന്തി പടർത്തി.
Tags : elephant kannadiparamba vehicle