അഗളി: കടുവാ സെന്‍സസിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവിന്റെ മകന് ജോലി നല്‍കുമെന്ന് വനംവകുപ്പ്.
കുടുംബത്തിന് ആദ്യഘട്ട നഷ്ടപരിഹാരത്തുക ഇന്നു കൈമാറുമെന്നും വനംവകുപ്പ് അറിയിച്ചു. അതേസമയം കാളിമുത്തുവിന്റെ മരണകാരണം ആന്തരിക രക്തസ്രാവം മൂലമാണെന്നു പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.
നട്ടെല്ലും വാരിയെല്ലുകളും തകര്‍ന്നനിലയിലാണ്. ആന്തരികാവയവങ്ങള്‍ക്കെല്ലാം ക്ഷതമേറ്റു. ആന തുമ്പിക്കൈകൊണ്ട് എറിഞ്ഞതിന്റെ ക്ഷതങ്ങളും ശരീരത്തിലുണ്ട്. നെഞ്ചില്‍ ചവിട്ടിയെന്നും പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞദിവസം അട്ടപ്പാടി പുതൂരിലാണ് ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് കാളിമുത്തു കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കാളിമുത്തു, പുതൂര്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആര് കണ്ണന്, വനം വാച്ചര്‍ അച്യുതന് എന്നിവരടങ്ങിയ സംഘമാണു മുള്ളി വനമേഖലയില്‍ കടുവാ സെന്‍സസിനായെത്തിയത്. കാടിനുള്ളിലെത്തിയ ഇവര്‍ കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു.
ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാളിമുത്തുവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. അഗളി സാമൂഹികാരോഗ്യകേന്ദ്രം മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറി. സംസ്കാരം നടത്തി.
Tags : Kattana attack