ഫുട്ബോൾ താരം മെസി, മുൻ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ
തിരുവനന്തപുരം: മെസിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളെക്കുറിച്ചുള്ള കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. മുൻ കായിക മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്ന് റിപ്പോർട്ടിൽ വ്യക്തമായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വിഷയത്തിൽ സമഗ്രമായ തുടരന്വേഷണം പ്രഖ്യാപിക്കാനാണ് സാധ്യത.
സ്പോൺസർമാരായി റിപ്പോർട്ടർ കമ്പനിയെ തെരഞ്ഞെടുത്തത് മുതൽ സ്റ്റേഡിയം കൈമാറ്റം വരെയുള്ള നടപടികളിൽ ഗുരുതരമായ ചട്ടലംഘനങ്ങൾ നടന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. സർക്കാരിന് കനത്ത സാമ്പത്തിക നഷ്ടവും ബാധ്യതകളും വരുത്തിവെച്ച ഈ ഇടപാടുകൾ കായികരംഗത്ത് കേരളത്തിന്റെ വിശ്വാസ്യതയെ തന്നെ പ്രതികൂലമായി ബാധിച്ചു. സ്വകാര്യ കരാർ തർക്കങ്ങളിൽ സംസ്ഥാന സർക്കാരിനെ കക്ഷിയാക്കിയതും കേന്ദ്ര ഏജൻസികളുടെ ഇടപെടലുകൾക്ക് വഴിവെച്ചതും ഭരണസംവിധാനത്തിന് വലിയ തിരിച്ചടിയായി.
അതേസമയം, ഇടപാടുകളിൽ ക്രമക്കേടുകൾ നടന്നിട്ടില്ലെന്നും ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ മറ്റ് വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നും മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. കാര്യങ്ങളിൽ അന്നത്തെ കായികമന്ത്രി തന്നെ കൂടുതൽ വ്യക്തത വരുത്തുമെന്നും ഔദ്യോഗികമായി കത്തുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, അന്വേഷണ റിപ്പോർട്ടിലെ പുതിയ വിവരങ്ങൾ പുറത്തുവന്നതോടെ സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലെന്ന വാദങ്ങൾ പൂർണമായും പൊളിയുകയാണ്.
Tags : Kerala Cabinet Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash