അപകടത്തിൽപെട്ട എയർ ഇന്ത്യ വിമാനം
ന്യൂഡൽഹി: തായ്ലാൻഡിലെ ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശത്തുവെച്ച് പെട്ടെന്ന് 300 അടി താഴേക്ക് പതിച്ച സംഭവം വിമാനത്തിന്റെ സാങ്കേതിക തകരാർ മൂലമെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. ഓഗസ്റ്റ് നാലിന് നടന്ന ഈ സംഭവത്തിൽ നിരവധി യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കേറ്റിരുന്നു. തുടക്കത്തിൽ ശക്തമായ കാറ്റും അന്തരീക്ഷ വ്യതിയാനവുമാണ് അപകടത്തിന് കാരണമായതെന്നാണ് എയർ ഇന്ത്യ പത്രക്കുറിപ്പിലൂടെ വിശദീകരിച്ചിരുന്നത്. എന്നാൽ വിമാനം സുരക്ഷിതമായി ഡൽഹിയിൽ ഇറങ്ങിയ ശേഷം കോക്ക്പിറ്റിൽ നിന്ന് ലഭിച്ച മെയിന്റനൻസ് റിപ്പോർട്ടിലാണ് വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനങ്ങൾ തകരാറിലായതാണ് അപകടകാരണമെന്ന് തെളിഞ്ഞത്.
വിമാനം പറക്കുന്നതിനിടെ രാവിലെ 9:32-ഓടെ ഇതിലെ മൂന്ന് ഹൈഡ്രോളിക് സിസ്റ്റങ്ങളിലും ഒരേസമയം വൻതോതിൽ പ്രഷർ കുറയുകയും ഫ്ലൂയിഡ് ചോരുകയും ചെയ്തതായി ബോർഡിലെ മുന്നറിയിപ്പ് സംവിധാനങ്ങൾ വ്യക്തമാക്കിയിരുന്നു. വിമാനത്തിന്റെ ദിശ നിയന്ത്രിക്കുന്നതിനും ബ്രേക്കിംഗിനും സഹായിക്കുന്ന പ്രധാന സംവിധാനങ്ങൾ തകരാറിലാവുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. എയർബസ് എ320 നിയോ വിമാനങ്ങളിൽ സാധാരണയായി പ്രവർത്തിക്കുന്ന മൂന്ന് സ്വതന്ത്ര ഹൈഡ്രോളിക് സിസ്റ്റങ്ങളും ഒരേസമയം തകരാറിലായത് വിമാനത്തെ വലിയ ദുരന്തമുഖത്തെത്തിച്ചു. ചുരുങ്ങിയത് 20 യാത്രക്കാർക്കും നാല് വിമാന ജീവനക്കാർക്കും സംഭവത്തിൽ പരിക്കേറ്റതായി കേന്ദ്ര വ്യോമയാന മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.
വിമാനം നേരിട്ട ഗുരുതരമായ സാങ്കേതിക തകരാർ പുറംലോകമറിയാതെ നിസാരവൽക്കരിക്കാനാണ് എയർ ഇന്ത്യ ശ്രമിച്ചതെന്ന ആരോപണം ശക്തമാണ്. അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പുറത്തിറക്കിയ ആദ്യ പ്രസ്താവനയിൽ മോശം കാലാവസ്ഥ മൂലമുള്ള അന്തരീക്ഷ വ്യതിയാനമാണ് കാരണമെന്ന് പറഞ്ഞ കമ്പനി, വൈകുന്നേരത്തോടെ ഇറക്കിയ രണ്ടാമത്തെ പ്രസ്താവനയിൽ നിന്ന് 'ടർബുലൻസ്' എന്ന വാക്ക് പിൻവലിച്ചെങ്കിലും ഹൈഡ്രോളിക് തകരാറിനെക്കുറിച്ച് മിണ്ടാൻ തയ്യാറായില്ല. വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചുവെന്നും പിന്നീട് സാധാരണ നിലയിൽ ലാൻഡ് ചെയ്തുവെന്നും മാത്രമാണ് എയർ ഇന്ത്യ രണ്ടാമതും നൽകിയ വിശദീകരണം.
Tags : AirIndia LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash