തിരുവനന്തപുരം: പിഎസ്സി ബുള്ളറ്റിനിൽ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ചിത്രം അച്ചടിച്ചുവന്നതിൽ യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിക്ക് പരാതി നൽകി. ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാക്കളുടെ ചിത്രങ്ങൾക്കൊപ്പമാണ് കൊലക്കേസ് പ്രതിയുടെ ചിത്രം മികച്ച തിരക്കഥാകൃത്ത് എന്ന ലേബലിൽ പ്രത്യക്ഷപ്പെട്ടത്.
സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി. രാഹുൽ മുഖ്യമന്ത്രിക്ക് പരാതി നൽകി. സംഭവം വൻ വിവാദമായതോടെ വീഴ്ച സമ്മതിച്ച പിഎസ്സി അധികൃതർ ഓൺലൈൻ പതിപ്പിൽ നിന്നും ചിത്രം ഒഴിവാക്കി. മേയ് 15ലെ പിഎസ്സി ബുള്ളറ്റിനിലാണ് ഗുരുതര പിഴവ് സംഭവിച്ചത്.
മികച്ച സംവിധായകൻ ഡൊമിനിക് അരുൺ, മികച്ച നടൻ മോഹൻലാൽ, മികച്ച നടിമാരായ കല്യാണി പ്രിയദർശൻ, അനശ്വര രാജൻ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പമാണ് ആകാശിന്റെ ഫോട്ടോയും അച്ചടിച്ചുവന്നത്. മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് നേടിയ രാജേഷ് തില്ലങ്കേരിയുടെ പേരിനൊപ്പം ചേർത്തത് ആകാശ് തില്ലങ്കേരിയുടെ ഫോട്ടോയായിരുന്നു.
പേരിലെ തില്ലങ്കേരി സാമ്യം വെച്ചുള്ള ഒരു സാധാരണ അബദ്ധമല്ല ഇതെന്നും ഇതിന് പിന്നിൽ പിഎസ്സിയിലെ ചില ഇടതുപക്ഷ അനുകൂല ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടോയെന്ന് സംശയിക്കുന്നതായും യൂത്ത് കോൺഗ്രസ് ആരോപിച്ചു. ബോധപൂർവം കൊലക്കേസ് പ്രതിയെ മഹത്വവൽക്കരിക്കാൻ ശ്രമിച്ചവർക്കെതിരെ കർശനമായ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലെ പ്രധാന ആവശ്യം.
Tags : akash thillankeri kerala psc bulletin shuhaib case