തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കാൻ മൂന്നു ദിവസം മാത്രം അവശേഷിക്കേ കോണ്ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് ഇടുക്കിയിലും കൊല്ലത്തും തെരഞ്ഞെടുപ്പു റാലികളിൽ പ്രസംഗിക്കും.
ഇന്ന് ഉച്ചയ്ക്ക് പീരുമേട്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിലും വൈകുന്നേരം നാലിന് കൊട്ടാരക്കരയിൽ അയിഷാപോറ്റിയുടെ തെരഞ്ഞെടുപ്പു പ്രചാരണ റാലിയിലും ഖാർഗെ പങ്കെടുക്കും.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നാളെ വീണ്ടും കേരളത്തിൽ തെരഞ്ഞെടുപ്പു പര്യടനത്തിൽ പങ്കെടുക്കും. നാളെ ഉച്ചയ്ക്ക് കൊടുങ്ങല്ലൂർ മണ്ഡലത്തിലെ മാളയിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കും. വൈകുന്നേരം നാലിനു കുന്നംകുളത്ത് പൊതുസമ്മേളനത്തിലും 5:20ന് പാലക്കാട് പൊതുസമ്മേളനത്തിലും രാഹുൽഗാന്ധി പങ്കെടുക്കും.
തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ഏഴിനു രാവിലെ 08:30ന് കോവളത്തും 10:30 മാവേലിക്കരയിലും ഉച്ചകഴിഞ്ഞു രണ്ടിന് പത്തനാപുരത്തും റോഡ് ഷോകളിൽ പങ്കെടുക്കും. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഇന്നും നാളെയുമായി കേരളത്തിൽ തെരഞ്ഞെടുപ്പ് പര്യടനം നടത്തും.
ഇന്നു രാവിലെ 11ന് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്ന് സിറ്റി ബസാർ വരെ റോഡ് ഷോ നടത്തും. ഉച്ചകഴിഞ്ഞ് 2.45ന് വടകര ഓർക്കട്ടേരിയിൽ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. വൈകുന്നേരം ബാലുശേരിയിലും എലത്തൂരിലും കോഴിക്കോടും റോഡ്ഷോകളിൽ പങ്കെടുക്കും.
നാളെ തിരുവനന്തപുരത്തെ വട്ടിയൂർക്കാവിലെ പേരൂർക്കടയിൽ റോഡ് ഷോയിൽ പങ്കെടുക്കും. ഉച്ചകഴിഞ്ഞു മൂന്നിന് അരൂരിലും തുടർന്ന് എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലും പങ്കെടുക്കും.
Tags : Kharge Kollam Idukki Rahul Gandhi Congress UDF Kerala Assembly Election Niyama Sabha Election