തിരുവനന്തപുരം: എം.ആർ.അജിത് കുമാറിനെ ബെവ്കോ ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറക്ടർ (സിഎംഡി) സ്ഥാനത്തുനിന്ന് മാറ്റണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് എക്സൈസ് മന്ത്രി എം.ലിജു. വകുപ്പിന്റെ സുതാര്യത ഉറപ്പാക്കാൻ മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്.
ബെവ്കോ ചെയർമാൻ സ്ഥാനത്ത് അജിത് കുമാർ എത്തുന്നതിൽ എം.ലിജു നേരത്തെയും അതൃപ്തി പ്രകടമാക്കിയിരുന്നു. എക്സൈസ് കമ്മീഷണർ സ്ഥാനത്തിനൊപ്പമാണ് നേരത്തേ എം.ആർ.അജിത് കുമാറിനെ ബെവ്കോയുടെ ചെയർമാനായും നിയമിച്ചത്.
എന്നാൽ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (സിഎടി) ഉത്തരവിനെത്തുടർന്ന് കഴിഞ്ഞ മാർച്ചിൽ എക്സൈസ് കമ്മിഷണർ ചുമതലയിൽ നിന്ന് എം ആർ അജിത് കുമാറിനെ നീക്കിയിരുന്നു. കേഡർ തസ്തികകളിൽ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും നിയമനത്തിനും സ്ഥലംമാറ്റത്തിനുമടക്കം സിവിൽ സർവീസ് ബോർഡിന്റെ ശിപാർശയുണ്ടാവണമെന്നുമായിരുന്നു കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടത്.
എക്സൈസ് കമ്മീഷണർ എന്നത് ഐഎഎസ് ഉദ്യോഗസ്ഥരുടെ കേഡർ പോസ്റ്റാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഡിജിപി റാങ്കിലുള്ള അജിത് കുമാറിന് തൽസ്ഥാനത്തുനിന്ന് മാറേണ്ടി വന്നത്.
Tags : m r ajith kumar bevco cmd