മഞ്ചേരി: മങ്കട കൂട്ടിൽ സദാചാര കൊലപാതകക്കേസിൽ അഞ്ച് പ്രതികൾ കുറ്റക്കാരെന്ന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) കണ്ടെത്തി.
എട്ട് പ്രതികളുള്ള കേസിൽ ആദ്യ അഞ്ച് പ്രതികളായ മങ്കട കൂട്ടിൽ സ്വദേശികളായ നായകത്ത് അബ്ദുൾ നാസർ (41), സഹോദരൻ ഷറഫുദ്ദീൻ (34), പട്ടിക്കുത്ത് മുഹമ്മദ് സുഹൈൽ (35), പട്ടിക്കുത്ത് അബ്ദുൾ ഗഫൂർ (53), പട്ടിക്കുത്ത് സക്കീർ ഹുസൈൻ (44) എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
പ്രതികൾക്കുള്ള ശിക്ഷ വെള്ളിയാഴ്ച മഞ്ചേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എം. തുഷാർ വിധിക്കും. ആറ് മുതൽ എട്ട് വരെ പ്രതികളായ ചെണ്ണേക്കുന്നൻ ഷഫീഖ് (35), മുക്കിൽപീടിക പറന്പാട്ട് മൻസൂർ (35), അന്പലപ്പള്ളി അബ്ദുൾ നാസർ(36) എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.
2016 ജൂണ്‍ 28ന് പുലർച്ചെ 3.30നാണ് സംഭവം. പ്രവാസിയുടെ ഭാര്യ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ അനാശാസ്യത്തിന് പോയി എന്നാരോപിച്ച് നാട്ടുകാരനായ നസീർ ഹുസൈ(40)നെ വടി, പട്ടികവടികൾ എന്നിവ കൊണ്ട് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീടിന്റെ വാതിൽ തകർത്ത് അകത്തു കയറിയ പ്രതികൾ ക്രൂരമായ മർദനത്തിനൊടുവിൽ നസീർ ഹുസൈന് വെള്ളം നൽകാനോ അശുപത്രിയിലെത്തിക്കാനോ സമ്മതിച്ചില്ലെന്നും പരാതിയിലുണ്ട്.
70 സാക്ഷികളുള്ള കേസിൽ 39 പേരെ പ്രോസിക്യൂഷൻ കോടതി മുന്‍പാകെ വിസ്തരിച്ചു. 123 രേഖകളും 22 തൊണ്ടി മുതലുകളും ഹാജരാക്കി. 2024 ഒക്ടോബർ 24നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.ജി. മാത്യു ഹാജരായി.
Tags : Mankada moral turpitude