ആലപ്പുഴ: മണ്ണഞ്ചേരി ബിജു വധക്കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. കൊല്ലം ഇട്ടിവ സ്വദേശി മനോജ് കൃഷ്ണനെ(28)യാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി (2)ജഡ്ജി എസ്. ഭാരതി ഇന്ന് ശിക്ഷിച്ചത്.
ഒരുലക്ഷം രൂപ പിഴയുമടയ്ക്കണം. 2024 ജൂലൈ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യാമാതാവിന്റെ രണ്ടാം ഭർത്താവായ ബിജു (48)വിനെ അടിച്ചുകൊലപ്പെടുത്തി എന്നാണ് കേസ്. ബിജുവുമായി മനോജ് നിരന്തരം പ്രശ്നമുണ്ടാക്കിയിരുന്നു.
മനോജിന്റെ മർദനമേറ്റ് വീണ ബിജുവിനെ നാട്ടുകാരാണ് ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ കൊണ്ടുപോയത്. ചേർത്തല ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിചാരണ തടവുകാരനായി പ്രതി തുടരുമ്പോൾ തന്നെയാണ് വിധി പ്രസ്താവം ഉണ്ടായത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ്.എ ശ്രീമോൻ ഹാജരായി. പ്രതി എറണാകുളം , കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കൊലപാതക ശ്രമം, മോഷണ കേസുകളിൽ ഉൾപ്പെട്ടയാളാണ്.
Tags : Mannancheri Biju murder case First accused life imprisonment