കൊച്ചി: എംബിബിഎസ് ഡോക്ടര്‍മാര്‍ക്ക് കുറഞ്ഞത് 80,000 രൂപ മാസശമ്പളം നല്‍കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ). സ്വകാര്യ മേഖലയിലും സര്‍ക്കാര്‍ മേഖലയിലും ഇതു ബാധകമാക്കണം.
ജോലിസമയം ആഴ്ചയില്‍ 48 മണിക്കൂറാക്കി നിശ്ചയിക്കണമെന്നും കൊച്ചി ഐഎംഎ ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോ.എം.എന്‍. മേനോന്, സെക്രട്ടറി ഡോ. റോയ് ആര്.ചന്ദ്രന് എന്നിവര്‍ ആവശ്യപ്പെട്ടു.
നാലായിരത്തിലധികം ഡോക്ടര്‍മാരില്‍ പഠനം നടത്തിയതില്‍ പല ഡോക്ടര്‍മാരും 30,000 രൂപയില്‍ താഴെ മാസശമ്പളത്തിലാണു ജോലിചെയ്യുന്നതെന്ന് ഐഎംഎ സംസ്ഥാനസമിതി നിയോഗിച്ച കമ്മിറ്റി കണ്ടെത്തി. സ്വകാര്യ മേഖലയിലാണ് ഏറ്റവും കുറവ് ശമ്പളം.
സര്‍ക്കാര്‍ മേഖലയില്‍ 1960ലെ സ്റ്റാഫ് പാറ്റേണ്‍ നിലനില്‍ക്കുന്നതിനാല്‍ ശമ്പളം മെച്ചമാണെങ്കിലും അധിക ജോലി ചെയ്യേണ്ടിവരുന്നുണ്ട്. 82 ശതമാനത്തിലധികം ഡോക്ടര്‍മാര്‍ക്കു മാന്യമായ ശമ്പളം ലഭിക്കുന്നില്ലെന്നും പഠനത്തിലുണ്ട്. ശമ്പളവും സ്റ്റൈപ്പൻഡും കൃത്യസമയത്തു വിതരണം ചെയ്യണം. അവകാശങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ സമരം അടക്കമുള്ള തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും ഐഎംഎ ഭാരവാഹികള്‍ പറഞ്ഞു.
കേരളത്തിലെ ചെറു സ്വകാര്യ ആശുപത്രികളെ ആഗോള ഭീമന്മാര് ഏറ്റെടുക്കുന്നതിലും ഐഎംഎ സംസ്ഥാനസമിതി ആശങ്ക പ്രകടിപ്പിച്ചു.
ചികിത്സാ ചെലവുകള്‍ വര്‍ധിക്കുന്നതിനാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണം. തൊഴിലിടത്തില്‍ സുരക്ഷ ഉറപ്പുവരുത്തണം. അവയവ മാഫിയയുടെ പ്രവര്‍ത്തനം തടയാനും അവയവദാനം കാര്യക്ഷമമാക്കാനും മരണാനന്തര അവയവദാനത്തിലെ നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Tags : Minimum wage doctors should be raised