ദേവസ്വം, ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ
തൃശൂർ: ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കോടതി അമിതമായി ഇടപെടുന്നതിനെതിരെ രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ രംഗത്ത്. എല്ലാ കാര്യങ്ങളിലും കോടതി ഇടപെട്ടാൽ പിന്നെ ഭക്തജനങ്ങൾക്ക് എന്ത് പങ്കാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ശബരിമലയിൽ ദേവസ്വത്തിനോ സർക്കാരിനോ റോളില്ലാത്ത അവസ്ഥയാണുള്ളത്. ക്ഷേത്രത്തിൽ ഏത് പൂവ് ഉപയോഗിക്കണം എന്ന് പോലും തീരുമാനിക്കുന്നത് ഹൈക്കോടതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ക്ഷേത്രകാര്യങ്ങളിൽ ഭക്തർക്ക് എന്തെങ്കിലും റോൾ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഓരോ കാര്യത്തിലും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളുടെ കാര്യത്തിൽ ഇത്തരം അമിത ഇടപെടലുകൾ ആവശ്യമാണോ എന്ന് ഗൗരവമായി ചിന്തിക്കേണ്ട സമയമാണിത്. ഈ വിഷയം താൻ നിയമസഭയിൽ ഇതിനകം ഉന്നയിച്ചിട്ടുണ്ടെന്നും, അവിടെ സംസാരിക്കുമ്പോൾ കോടതിയലക്ഷ്യം പോലുള്ള ഭയമില്ലാതെ കാര്യങ്ങൾ അവതരിപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : KMuralidharan DevaswomMinister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash