കൊച്ചി: ദേശീയപാത 66ലെ തലപ്പാടി-ചെങ്കള-വെങ്ങളം-രാമനാട്ടുകര ആറുവരി പാതയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനുമടക്കമുള്ളവരെ ചടങ്ങിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേര് നോട്ടീസിലുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കില്ല. പരിപാടിയിൽ പങ്കെടുക്കില്ലെന്ന് മന്ത്രിമാരായ എം.ബി. രാജേഷും കെ. കൃഷ്ണൻകുട്ടിയും അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ 10,800 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് ദേശീയപാതയുടെ ആദ്യ റീച്ചിന്‍റെ ഉദ്ഘാടനവും നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്‍റെ കൂടി പങ്കാളിത്തത്തോടെയാണ് ദേശീയപാത വികസനം.
ദേശീയപാത 66 ലെ തലപ്പാടി - ചെങ്കള ഭാഗത്തെ ആറുവരി പാതയും കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം - രാമനാട്ടുകര ആറുവരി പാതയുമാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. ഇതോടൊപ്പം മറ്റു പദ്ധതികളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നുണ്ട്.
ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഭൂമി ഏറ്റെടുക്കലിന് ഉൾപ്പെടെ പണം നൽകിയത് സംസ്‌ഥാന സർക്കാരാണ്. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും വരുന്നില്ലെന്നാണ് മനസിലാക്കുന്നതെന്നും റിയാസ് പറഞ്ഞു.
Tags : PWD Minister PA Mohammed Riyas National Highway inauguration ceremony