മലപ്പുറം: സ്ട്രോംഗ് റൂം കാവൽ ഡ്യൂട്ടിക്കിടെ മുങ്ങിയ ജവാൻമാരെ കണ്ടെത്തി. കോട്ടയ്ക്കൽ മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ് സൂക്ഷിച്ച ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസിലെ സ്ട്രോംഗ് റൂം ഡ്യൂട്ടി ചെയ്തിരുന്ന രണ്ടുപേരെയാണ് കഴിഞ്ഞ ദിവസം കാണാതായത്.
തുടർന്ന് പോലീസ് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും ആസാം, യുപി സ്വദേശികളായ ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ ഇവർ ക്യാമ്പിൽ തിരിച്ചെത്തുകയായിരുന്നു. ഇരുവരും ലീവ് സംബന്ധിച്ച് മേലുദ്യോഗസ്ഥനുമായി തർക്കമുണ്ടായിരുന്നു. സംഭവത്തിൽ ശിക്ഷാനടപടി ഭയന്നാണ് മാറിനിന്നതെന്നാണ് വിവരം.
മലപ്പുറം സിവിൽ സ്റ്റേഷനു പിന്നിലെ ആളൊഴിഞ്ഞ ഭാഗത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് ഇവർ മൊഴി നൽകി. കാണാതായെന്ന പരാതി തീർപ്പാക്കിയെന്നും കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും പോലീസ് പറഞ്ഞു.
Tags : missing bsf jawans traced malappuram