ന്യൂഡൽഹി: വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാൽ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിറക്കി. താരം സമർപ്പിച്ച ലിങ്കുകൾ നീക്കം ചെയ്യാൻ കോടതി നിർദേശം നൽകി.
വൈകിട്ട് നാലരയ്ക്കുള്ളിൽ നീക്കിയ ലിങ്കുകളുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസ് ജ്യോതി സിംഗ് ആണ് ഹർജി പരിഗണിച്ച് ഉത്തരവിട്ടത്.
മെറ്റയടക്കം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ എതിർകക്ഷികളാക്കിയായിരുന്നു താരത്തിന്റെ ഹർജി. അതേസമയം ഹർജിയെ മെറ്റ എതിർത്തിരുന്നു. മോഹൻലാൽ കേരളത്തിൽ നിന്നുള്ള വ്യക്തിയാണെന്നും ഡൽഹി ഹൈക്കോടതിയുടെ അധികാരപരിധിയിൽ വരുന്ന വിഷയമല്ലെന്നുമാണ് മെറ്റ വാദിച്ചത്.
കേസിൽ മോഹൻലാലിനായി അഭിഭാഷകരായ എം എഫ് ഫിലിപ്പ്, ശ്രീഹരി ഇന്ദു കലാധരൻ, സ്മിത ദാമോദരൻ നായർ എന്നിവർ ഹാജരായി.
എന്തിനാണ് മോഹൻലാലിന്റെ ചിത്രം അനുവാദം ഇല്ലാതെ ഉപയോഗിച്ചത് എന്ന് ഓൺലൈൻ ഇകോമേഴ്സ് സ്ഥാപനത്തോട് കോടതി ചോദിച്ചു. അനധികൃതമായി ഉപയോഗിച്ചത് മാറ്റുമെന്ന് ഓൺലൈൻ സ്ഥാപനം മറുപടി നൽകി.
വ്യക്തി അവകാശത്തെ ലംഘിച്ച ലിങ്കുകൾ മാറ്റിയതിൽ റിപ്പോർട്ട് നൽകാൻ എതിർക്ഷികൾക്ക് കോടതി നിർദ്ദേശം നൽകിയിരിക്കുകയാണ്. കേസ് ജൂലായ് നാലിന് വീണ്ടും പരിഗണിക്കും.
നേരത്തെ അഭിനേതാക്കളും കായിക താരങ്ങളും ഉൾപ്പെടെ നിരവധി പേർ ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. അമിതാഭ് ബച്ചൻ, രജനീകാന്ത് എന്നിവർക്ക് അനുകൂല ഉത്തരവും കോടതിയിൽ നിന്ന് ലഭിച്ചിരുന്നു.
Tags : Mohanlal Delhi High Court